ചണ്ഡീഗഡ് > പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാകേകുകയും ചെയ്ത അച്ഛന് വധശിക്ഷ. പൽവാലിലെ അതിവേഗ കോടതിയാണ് 41കാരനായ അച്ഛന് വധശിക്ഷ വിധിച്ചത്. പിഴയായി 15,000 രൂപയും നൽകണം. പെൺകുട്ടിക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.
2020 ഒക്ടോബറിലാണ് പെൺകുട്ടി പരാതി നൽകിയത്. നാല് വർഷം നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടിക്ക് 11 വയസുള്ളപ്പോൾ മുതലാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിത്തുടങ്ങിയത്. അമ്മയില്ലാതിരുന്ന പെൺകുട്ടിയെ ഇയാൾ നിരന്തരമായി ഉപദ്രവിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തിരുന്നു.
പെൺകുട്ടി ഗർഭിണിയായ ശേഷവും ലൈംഗിക പീഡനം തുടർന്നു. 16ാം വയസിൽ പെൺകുട്ടി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന്റെ ഡിഎൻഎ സാമ്പിളുകൾ ഉൾപ്പെടെ എടുത്ത് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. പ്രതി വളരെ ക്രൂരമായാണ് പെരുമാറിയതെന്നും അതിനാൽ മാപ്പർഹിക്കുന്നില്ലെന്നും ശിക്ഷ വിധിച്ച ശേഷം കോടതി പറഞ്ഞു.