ചെന്നൈ > ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ഓസ്ട്രേലിയക്ക് മോശം സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കംഗാരുപ്പട 49.3 ഓവറിൽ 199 ന് എല്ലാവരും പറത്തായി. ഇന്ത്യൻ സ്പിന്നേഴ്സിന്റെ മികച്ച പ്രകടനമാണ് ശക്തരായ ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവും ബുമറയും രണ്ട് വീതവും അശ്വിൻ, ഹർദിക് പാണ്ഡ്യ, സിറാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
സ്കോർ അഞ്ചിൽ നിൽക്കെ മാർഷിനെ (0) മടക്കി ബുംറ ഓസീസിനെ ഞെട്ടിച്ചെങ്കിലും ശ്രദ്ധയോടെ നീങ്ങിയ വാർണറും (41) സ്മിത്തും (46) സ്കോർ മെല്ലെ ഉയർത്തി. ടീം സ്കോർ 74 ൽ നിൽക്കെ കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ച് ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ സ്മിത്തിനെ ജഡേജയും മടക്കി. ലബുഷേനും (27) മാക്സ്വെല്ലിനും (15) താളം കണ്ടെത്താനാകാതെ മടങ്ങിയതോടെ ഓസീസ് തകർന്നടിഞ്ഞു. കമ്മിൻസും (15) സ്റ്റാർക്കും (28) ചേർന്നാണ് ടീമിനെ വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്.