ഹാങ്ചൗ> ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. വനിതകൾ ഫൈനലിൽ ചൈനീസ് തായ്പേയിയെ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ തോൽപ്പിച്ചു (26–-25). നിയമത്തിലെ ആശയക്കുഴപ്പവും തർക്കവും തെറ്റായ തീരുമാനങ്ങളും നിറഞ്ഞ് സംഭവബഹുലമായ പുരുഷ ഫൈനലിൽ ചാമ്പ്യൻമാരായ ഇറാനെ കീഴടക്കിയാണ് വിജയം (33–-29). ഒരുമണിക്കൂർ കളി തടസ്സപ്പെട്ടു. അന്തിമ തീരുമാനം എടുക്കേണ്ട റഫറിമാർക്ക് നിലപാടില്ലാതെവന്നത് പ്രശ്നം കൂടുതൽ വഷളാക്കി.
ഫൈനൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഇരുടീമുകളും 28–-28 സ്കോറിൽ നിൽക്കുമ്പോഴാണ് തർക്കം തുടങ്ങിയത്. കളി അവസാനിക്കാൻ ഒരുമിനിറ്റ് മാത്രമുള്ളപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ പവൻ സെഹ്രാവത് നടത്തിയ ‘ഡു ഓർ ഡൈ’ റൈഡിലാണ് തർക്കം. ഇറാൻ കളിക്കാർ വളഞ്ഞപ്പോഴേക്കും പവൻ ലൈനിനുപുറത്തേക്ക് വീണു. പുറത്തായ പവനെ നാല് ഇറാൻ താരങ്ങൾ തൊട്ടതിനാൽ നാല് പോയിന്റ് അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വീഡിയോ പരിശോധിച്ച റഫറി രണ്ട് ടീമിനും ഓരോ പോയിന്റ് അനുവദിച്ചു. എന്നാൽ, ഇന്ത്യ വഴങ്ങിയില്ല. മലയാളിയായ കോച്ച് ഇ ഭാസ്കരനും പവനും ഒഫീഷ്യൽസുമായി സംസാരിച്ചു. ഇതോടെ റഫറി തീരുമാനം മാറ്റി. അപ്പോൾ ഇറാൻ താരങ്ങൾ കോർട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റഫറിമാർക്കുപുറമെ സംഘാടകരും കബഡി ഫെഡറേഷൻ ഭാരവാഹികളും രംഗത്തുവന്നു. രണ്ട് ടീമും വഴങ്ങാത്ത സാഹചര്യത്തിൽ കളി നിർത്തിയതായി റഫറി പ്രഖ്യാപിച്ചു.
സമാന സന്ദർഭത്തിൽ രാജ്യാന്തര കബഡി ഫെഡറേഷന്റേതും പ്രൊ കബഡി ലീഗിന്റേതും വ്യത്യസ്ത നിയമങ്ങളാണ്. എന്നാൽ, ഇവിടെ ഏത് നിയമമാണ് പിന്തുടരുന്നതെന്ന് റഫറിമാർക്ക് നിശ്ചയമില്ലാത്തതാണ് പ്രശ്നം കുളമാക്കിയത്. കളിക്കാരും റഫറിയും ഒഫീഷ്യൽസും തമ്മിലുള്ള തർക്കവും ചർച്ചയും തുടർന്നു. ഒടുവിൽ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയിന്റും അനുവദിച്ചു. മനസ്സില്ലാമനസ്സോടെ ഇറാൻ അംഗീകരിച്ചു. കളി തുടങ്ങിയപ്പോൾ രണ്ട് പോയിന്റ്കൂടി സ്വന്തമാക്കി ഇന്ത്യ സ്വർണമുറപ്പിച്ചു.
കബഡിയിൽ പുരുഷന്മാരുടെ എട്ടാംസ്വർണമാണ്. വനിതകളുടെ മൂന്നാമത്തേത്. കഴിഞ്ഞതവണ പുരുഷന്മാർക്ക് വെങ്കലവും വനിതകൾക്ക് വെള്ളിയുമായിരുന്നു. കബഡി മത്സരയിനമാക്കിയ 1990 മുതൽ 2014 വരെ പുരുഷ ടീമിനെ വെല്ലാനാളില്ലായിരുന്നു. വനിതകൾ 2010ലും 2014ലും സ്വർണം സ്വന്തമാക്കി. കഴിഞ്ഞതവണ ഇറാനോട് തോറ്റ് വെള്ളിയായി.