മനാമ > ഇസ്രയേൽ-–-പലസ്തീൻ സംഘർഷം വ്യാപിപ്പിക്കാതെ സംയമനം പാലിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ. സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നും സമാധാന പ്രക്രിയ സജീവമാക്കണമെന്നും സൗദി അറേബ്യയും യുഎഇയും ആവശ്യപ്പെട്ടു. അതേസമയം, പലസ്തീൻ ജനതയുമായി സംഘർഷം രൂക്ഷമായതിന്റെ ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തർ വിദേശമന്ത്രാലയം പ്രസ്താവിച്ചു.
ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാന പ്രക്രിയ സജീവമാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി ആഹ്വാനം ചെയ്തു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ അങ്ങേയറ്റം സംയമനവും ഉടനടി വെടിനിർത്തലും പാലിക്കാൻ യുഎഇ ആഹ്വാനം ചെയ്തു. ഇസ്രയേലിനോടും പലസ്തീനോടും പരമാവധി ആത്മനിയന്ത്രണം പാലിക്കാൻ ഒമാൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ഉപദേശകനാണ് ഇക്കാര്യം അറിയിച്ചത്.