ന്യൂഡൽഹി> കേരള സ്റ്റോറിയുടെ കള്ളക്കഥകൾ തുറന്നുകാട്ടിയ യു ട്യൂബർ ധ്രുവ് റാത്തി ടൈം മാഗസിന്റെ അടുത്ത 2023ലെ തലമുറ നേതാക്കളുടെപട്ടികയിൽ. കടുത്ത മോദി വിമർശകനായ ധ്രുവ് അദ്ദേഹത്തിന്റെ യു ട്യൂബ് ചാനലിലൂടെ വിവിധ വിഷയങ്ങളുടെ വസ്തുതാ പരിശോധന നടത്തിയും വിദ്യാഭ്യാസപരമായ ഉള്ളടക്കം അവതരിപ്പിച്ചുമാണ് ശ്രദ്ധേയനാകുന്നത്.
‘കേരള സ്റ്റോറി’ സിനിമയുടെ അജൻഡകളെ തുറന്നുകാണിച്ച ധ്രുവിന്റെ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 22 മിനിറ്റുള്ള വീഡിയോയില്‍ സിനിമ മുന്നോട്ടുവയ്ക്കുന്ന കണക്കുകള്‍ പൊളിക്കുകയും ഉദാഹരണങ്ങള്‍ സഹിതം തുറന്നുകാണിച്ചു.
കേരളത്തെക്കുറിച്ചും മതസൗഹാര്‍ദത്തെക്കുറിച്ചും ദേശീയ സൂചികകളിലെ മുന്നേറ്റത്തെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പറഞ്ഞു. സംഘപരിവാറിന്റെ കണ്ണിൽ കരടായതോടെ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരുന്നു. രാഷ്ട്രീയ ചർച്ചയായതിനു പിന്നാലെ ഫെയ്സ് ബുക്ക് നിരോധനം നീക്കി. ഹരിയാനയിൽ ജനിച്ച ധ്രുവ് റാത്തി ജർമനിയിൽ മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചിട്ടുണ്ട്.