ന്യൂഡൽഹി> എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആം ആദ്മി എംപി സഞ്ജയ് സിങ്. ഇഡി ആസ്ഥാനത്തെ ലോക്കപ്പിൽനിന്ന് സിസിടിവികൾ ഇല്ലാത്ത പൊലീസ് സ്റ്റേഷനിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചു.
കാമറകൾ ഇല്ലാത്ത സ്റ്റേഷനിൽ കൊണ്ടുപോയി മാനസികമായും ശാരീരികമായും പീഡപ്പിക്കാനായിരുന്നു ഇഡിയുടെ നീക്കം–- സഞ്ജയ് സിങ് ഡൽഹി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. എന്നാൽ, സഞ്ജയ് സിങ്ങിനെ പാർപ്പിച്ചിരുന്ന ലോക്കപ്പിൽ പ്രാണികളെ തുരത്താനുള്ള മരുന്ന് അടിക്കേണ്ടതിനാലാണ് അവിടെനിന്നും മാറ്റാൻ ശ്രമിച്ചതെന്ന് ഇഡി അവകാശപ്പെട്ടു. ഇഡി വാദം അംഗീകരിച്ച് സഞ്ജയ് സിങ്ങിന്റെ ഹർജി കോടതി തീർപ്പാക്കി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ചയാണ് ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.