ന്യൂഡൽഹി> മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കടയ്ക്കൽ കത്തിവച്ച് മോദിസർക്കാർ. ഓരോ ബജറ്റിലും വകയിരുത്തൽ വെട്ടിക്കുറച്ചും അധികഫണ്ട് അനുവദിക്കാതെയും സംസ്ഥാനങ്ങൾക്കുള്ള കുടിശ്ശിക വിതരണം ചെയ്യാതെയും പദ്ധതി നാമാവശേഷമാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
കേന്ദ്രഫണ്ട് അനുവദിക്കാത്തതിനാൽ പശ്ചിമബംഗാളിൽ 18 മാസമായി പദ്ധതി സ്തംഭിച്ച മട്ടാണ്. വേതന കുടിശ്ശിക കിട്ടാത്ത ലക്ഷക്കണക്കിന് തൊഴിലാളികൾ നെട്ടോട്ടത്തിലാണ്. 2023 ആഗസ്തിൽ കേന്ദ്രം പാർലമെന്റിൽ നൽകിയ മറുപടിപ്രകാരം പദ്ധതിക്കു കീഴിൽ സംസ്ഥാനങ്ങൾക്ക് 6366 കോടി നൽകാനുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്നങ്ങളും കാർഷികമേഖലയിലെ പ്രതിസന്ധികളും കണക്കിലെടുത്ത് തൊഴിലുറപ്പിൽ വർഷം 200 തൊഴിൽദിനമെങ്കിലും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
തൊഴിൽദിനങ്ങൾ വർധിപ്പിക്കുന്നതിനും കുടിശ്ശിക വിതരണം ചെയ്യുന്നതിനും ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടുലക്ഷം കോടി രൂപയെങ്കിലും വകയിരുത്തണമെന്ന് കർഷക, യുവജന സംഘടനകളുംആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വർഷത്തെ ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി മാത്രമാണ് കേന്ദ്രസർക്കാർ വകയിരുത്തിയത്. 2021– -2022, 2022– -2023 ബജറ്റുകളിൽ 73,000 കോടി വീതമാണ് തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. എന്നാൽ, പുതുക്കിയ കണക്കുകൾ പ്രകാരം 2021–-2022ൽ 98,468 കോടിയും 2022–-2023ൽ 89,400 കോടിയും ചെലവിട്ടു.
ഈ സാഹചര്യത്തിൽ, 2023–- 2024 ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കണക്കുകൂട്ടലുകൾ തകിടംമറിച്ച് ബജറ്റ്വിഹിതം മുൻവർഷത്തേക്കാൾ 18 ശതമാനം വെട്ടിക്കുറച്ചു. ഗ്രാമീണമേഖലയിൽ തൊഴിലില്ലായ്മനിരക്ക് കുതിച്ചുയരുകയാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) കണക്കുകൾ പ്രകാരം ഗ്രാമീണമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 8.73 ശതമാനമാണ്. അസിം പ്രേംജി സർവകലാശാലയുടെ സർവേയിൽ 39 ശതമാനം കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിപ്രകാരം ഒരു ദിവസംപോലും തൊഴിൽ ലഭിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു.