തിരുവനന്തപുരം> ഭരണഘടനയോടോ ജനാധിപത്യത്തിന്റെ അന്തസ്സത്തയോടോ കൂറുകാണിക്കാതെ ഗവർണർമാർ നടത്തുന്ന ‘ബിജെപി പ്രീണനം’ തുറന്നെതിർത്ത സുപ്രീംകോടതി നിരീക്ഷണങ്ങളും വിധിയും വാർത്തയാക്കാതെ മലയാള മാധ്യമങ്ങൾ. പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായി സർക്കാർ നൽകിയ ഹർജിയിൽ ബില്ലിൽ ഗവർണർ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന സുപ്രധാന നിർദേശമാണ് കഴിഞ്ഞദിവസം സുപ്രീംകോടതി നൽകിയത്. സ്വതന്ത്രനിലപാട് ഉണ്ടെന്ന് പറയുന്ന മാധ്യമങ്ങളാണ് കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ വാർത്തകൾ മുക്കിയത്. വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ പശ്ചിമബംഗാൾ സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിലും സമാന പ്രശ്നം രൂക്ഷമാണെന്നിരിക്കെ ഇത്തരം നിർദേശങ്ങളും വിധികളും ഇവിടെയും ബാധകമാണ്. കേരള ഗവർണറും ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണ് എന്നത് ജനം അറിയാതിരിക്കുകയെന്ന ഗൂഢോദ്ദേശ്യവും മാധ്യമങ്ങൾ ലക്ഷ്യമിടുന്നു. അഞ്ചുമാസംമുതൽ രണ്ടുവർഷംവരെയുള്ള എട്ടു ബില്ലാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പിടിച്ചുവച്ചത്.- എട്ടിൽ അഞ്ചെണ്ണം സർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകൾ.-