ന്യൂഡൽഹി> രാജ്യത്തെ പ്രാദേശിക തുറമുഖങ്ങളിലെത്തുന്ന വിദേശ കപ്പലുകൾ നൽകേണ്ടിയിരുന്ന അഞ്ചു ശതമാനം ജിഎസ്ടി ഒഴിവാക്കി. 52–-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കൊച്ചി എന്നിവയ്ക്ക് പുറമെ കിഴക്കൻ തീരത്തിനും ജിഎസ്ടി ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ആറുമാസത്തിനുള്ളിൽ വിദേശത്തേക്ക് മടങ്ങുന്ന കപ്പലുകൾക്കാണ് നിലവിൽ ഇളവ് നൽകുന്നത്. കൊച്ചിയേക്കാൾ ടൂറിസം സാധ്യത കൽപ്പിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനും തീരുമാനം ഗുണമാകും. കോവിഡാനന്തര കാലത്ത് ടൂറിസത്തിന് ഉണർവേകി 31 ക്രൂയിസ് കപ്പലുകളാണ് 2021–-22 വർഷത്തിൽ എത്തിയത്. ഈ സീസണിൽ അത് നാൽപ്പത് കടക്കും.
70 ശതമാനം ചെറുധാന്യങ്ങൾ അടങ്ങിയ പൊടികൾക്ക് നികുതിയില്ല
70 ശതമാനം ചെറുധാന്യങ്ങൾ (മില്ലറ്റുകൾ) അടങ്ങിയ പാക്കിങ്ങില്ലാത്ത ധാന്യപ്പൊടികൾക്ക് ജിഎസ്ടി ഇല്ല. പാക്ക് ചെയ്തവയുടെ നികുതി 18ൽനിന്ന് അഞ്ചുശതമാനമാക്കി കുറച്ചു. മദ്യനിർമാണമടക്കം മാനുഷിക ഉപഭോഗത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) ജിഎസ്ടി പരിധിയിൽ ഉൾപ്പെടില്ല. ഇത് സംസ്ഥാനങ്ങളുടെ പരിധിയിലാണ്. അതേസമയം വാണിജ്യാടിസ്ഥാനത്തിലുള്ള ഇഎൻഎയ്ക്ക് 18 ശതമാനം ജിഎസ്ടിയുണ്ടാകും. ഇതുസംബന്ധിച്ച് നിയമനിർമാണം വരും. ശർക്കരപ്പാനിയുടെ നിരക്ക് 28 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കി.
നികുതി വരുമാനം പങ്കിടുന്നതിൽ സമഗ്രപഠനം വേണം
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്രനയങ്ങൾ വ്യക്തമാക്കി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെയുള്ള നികുതി വരുമാനത്തിൽ കേന്ദ്രവിഹിതം 45ൽനിന്ന് 28 ശതമാനമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് 50– -60 ശതമാനം നൽകുമ്പോഴാണ് ഈ അനീതി. നികുതി പങ്കിടൽ അടക്കമുള്ളവയിൽ സമഗ്ര പഠനം നടത്തണം. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചെങ്കിലും നഷ്ടപരിഹാര സെസ് സംസ്ഥാനങ്ങളിൽനിന്ന് പിരിക്കുന്നത് തുടരുകയാണ്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടം സംസ്ഥാനത്തിന്റെ കടമാക്കി മാറ്റി കടമെടുപ്പ് വെട്ടിക്കുറച്ചു. ദേശീയപാത വികസനത്തിനുള്ള നഷ്ടപരിഹാരമായി കിഫ്ബിയിൽനിന്ന് നൽകിയ 6000 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് മതിയായ ധനവിഭവം ഉറപ്പാക്കാൻ കേന്ദ്രം തയ്യാറാകണം. വായ്പാനുമതിയിലെ വെട്ടികുറയ്ക്കൽ ഒഴിവാക്കുന്നതിനൊപ്പം ഒരു ശതമാനം അധിക കടമെടുപ്പിന് താൽകാലിക അനുമതി ഉറപ്പാക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.