ന്യൂഡൽഹി
തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപാർടികൾ നൽകുന്ന വാഗ്ദാനങ്ങൾ തടയാൻ കോടതികൾക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി. മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർടികൾ നടത്താനിടയുള്ള വാഗ്ദാനങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
‘തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പാർടികൾ എല്ലാതരത്തിലുമുള്ള വാഗ്ദാനങ്ങൾ നടത്താറുണ്ട്. അതെല്ലാം തടയാൻ ഈ കോടതിക്ക് കഴിയില്ല’–- ചീഫ് ജസ്റ്റിസ് പറഞ്ഞു. മധ്യപ്രദേശിലെ സാമൂഹ്യപ്രവർത്തകൻ ഭട്ടുലാൽ ജെയിനാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാർടികളുടെ അംഗീകാരം കളയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
രണ്ട് ഹർജികളും ഒന്നിച്ച് പരിഗണിക്കും. കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും നോട്ടീസ് അയക്കും.