ന്യൂഡൽഹി
രാജ്യത്തെ നിയമസംവിധാനത്തിന് നിരക്കാത്ത നടപടികളാണ് ന്യൂസ് ക്ലിക്കിനുനേരെ ഡൽഹി പൊലീസ് സ്വീകരിക്കുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ ഹിന്ദു’ മുൻ എഡിറ്റർ ഇൻ ചീഫുമായ എൻ റാം പറഞ്ഞു. കേന്ദ്ര ഏജൻസികൾ മോദിസർക്കാരിനുവേണ്ടി മര്യാദവിട്ട് പ്രവർത്തിക്കുകയാണ്. വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ റാം ആവശ്യപ്പെട്ടു.
രാജ്യതാൽപ്പര്യത്തിന്റെ മറുപേരായി മോദിസർക്കാരിനെ കൊണ്ടുവരുന്നു. അടിയന്തരാവസ്ഥയിലെ ‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ അവകാശവാദത്തിന് സമാനമാണിത്. ‘ന്യൂസ് ക്ലിക്കിന് സംഭാവന നൽകിയ അമേരിക്കൻ പൗരൻ നെവില്ലെ റോയി സിങ്കം ചൈനയുടെ ഇടനിലക്കാരനാണെന്ന് പറയുന്നത് അസംബന്ധമാണ്. മികച്ച സംരംഭകനായ അദ്ദേഹം ഇടതുപക്ഷക്കാരനാണ്. അദ്ദേഹത്തെ നന്നായി അറിയാം. ബിസിനസിൽനിന്ന് ലഭിച്ച പണമാണ് റോയി സിങ്കം ലോകത്തെ പല സർക്കാരിതര സ്ഥാപനങ്ങളിൽ നിക്ഷേപിച്ചത്. ഇതിൽ ചെറിയ വിഹിതം ന്യൂസ് ക്ലിക്കിനും ലഭിച്ചു.
റിസർവ് ബാങ്ക് അനുമതിയോടെയാണ് സ്ഥാപനം പണം സ്വീകരിച്ചത്. ഇക്കാര്യം ആദായനികുതി വകുപ്പിനെയും ഡൽഹി ഹൈക്കോടതിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.’–- റാം പറഞ്ഞു.