ഗ്യാങ്ടോക്ക്
മിന്നല്പ്രളയത്തെ തുടര്ന്ന് സിക്കിമില് മരിച്ചവരുടെ എണ്ണം 40 ആയി. ഏഴു സൈനികര് ഉള്പ്പെടെയാണിത്. വ്യാഴം രാത്രി നടത്തിയ തിരച്ചിലിൽ കൂടുതല് മൃതദേഹങ്ങള് കണ്ടെത്തി. ലാചന്, ലാചുങ് മേഖലകളില് മൂവായിരത്തോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ട്.
സൈന്യത്തിന്റെ ഹെലികോപ്റ്ററുകള് ഉപയോഗിച്ച് എല്ലാവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ചീഫ് സെക്രട്ടറി വിജയ് ഭൂഷണ് പഥക് അറിയിച്ചു. വിനോദ സഞ്ചാരികള് യാത്ര ചെയ്യരുതെന്നും നിര്ദേശമുണ്ട്. പ്രളയജലം ഇറങ്ങിയാലുടന് സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങള്ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സമഗ്രമായ വിലയിരുത്തല് നടത്തുമെന്ന് ഊര്ജ മന്ത്രാലയം അറിയിച്ചു. അതേസമയം, ചുങ്താങ് ഡാമിന്റെ തകര്ച്ചയ്ക്ക് കാരണം മുന് സര്ക്കാരുകളുടെ നിലവാരം കുറഞ്ഞ നിര്മാണമാണെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ് ആരോപിച്ചു. 11 പാലവും 277 വീടും നിരവധി കുടിവെള്ള പൈപ്പ്-ലൈനുകളും പ്രളയത്തില് തകര്ന്നു. ബംഗാളിലെ ഗജോല്ഡോബ, മൈനഗുരി, കോട്-വാലി പ്രദേശങ്ങളില് നിന്നാണ് ഒലിച്ചുപോയ മൃതദേഹങ്ങളില് ഭൂരിഭാഗവും കണ്ടെത്തിയതെന്നും റിപ്പോര്ട്ടുണ്ട്.