ന്യൂഡൽഹി
മോദിസർക്കാർ വേട്ടയാടുന്ന ‘ന്യൂസ്ക്ലിക്കി’ന് പിന്തുണ പ്രഖ്യാപിച്ച് മുപ്പതിൽപ്പരം രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയും കലാകാരന്മാരുടെയും അക്കാദമിക് വിദഗ്ധരുടെയും സംയുക്ത പ്രസ്താവന. പാർശ്വവൽകൃതരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമായ ‘ന്യൂസ്ക്ലിക്ക്’ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രകാശഗോപുരമാണെന്ന് 230ൽപ്പരം പേർ ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഇറ്റലി, അർജന്റീന, അയർലൻഡ്, ബ്രസീൽ, ക്യാനഡ, ചൈന, ക്യൂബ, ഈജിപ്ത്, ജർമനി, സ്വീഡൻ, റഷ്യ, ചിലി, വെനസ്വേല, ഓസ്ട്രേലിയ, മെക്സിക്കോ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.
ഭാസ്കർ ശുങ്കറ (ദ നേഷൻ മാഗസിൻ), അബ്ബി മാർട്ടിൻ, മൈക്ക് പ്രൈസ്നർ (ദ എംപയർ ഫയൽസ്), ക്വേസി പ്രട്ട് ജൂനിയർ (ദ ഇൻസൈറ്റ്), ജെറാൾഡ് ഹോൺ (പസിഫിക്ക റേഡിയോ), റനിയ ഖലേക്ക്, യൂജിൻ പർയേർ (ബ്രേക്ക്ത്രൂ ന്യൂസ്) എന്നിവർ ഒപ്പുവച്ചവരിൽപ്പെടുന്നു.
ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി സോളി മാപൈല, ജർമൻ എംപി സേവിയം ഡാഗ്ദലിൻ, അമേരിക്ക ആസ്ഥാനമായ യുദ്ധവിരുദ്ധ പ്രസ്ഥാനം ആൻസർ സഖ്യത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രയൻ ബക്കർ എന്നിവരും സംയുക്തപ്രസ്താവനയിൽ ഒപ്പിട്ടു.