തിരുവനന്തപുരം
സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതുമുതൽ പ്രിയസഖാവിന്റെ കർമകേന്ദ്രമായ എ കെ ജി സെന്ററിലേക്ക് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹവും വഹിച്ച് വെള്ളി പകൽ 11.15ന് വിലാപയാത്ര എത്തുമ്പോൾ സൂചികുത്താനിടമില്ലാത്തവിധം തലസ്ഥാനജനത തിങ്ങിനിറഞ്ഞു. അതിരാവിലെമുതൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ എ കെ ജി സെന്ററിനു മുന്നിലേക്കൊഴുകി.
സെന്ററിലെ ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ തുടങ്ങിയവർ അന്ത്യോപചാരം അർപിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മുതിർന്ന നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, പി കെ ഗുരുദാസൻ, വൈക്കം വിശ്വൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ, തോമസ് ഐസക്, എളമരം കരീം, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ അടക്കമുള്ള പ്രമുഖ നേതാക്കൾ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി എം സുധീരൻ, കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, മോൻസ് ജോസഫ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവരും അന്ത്യോപചാരം അർപിച്ചു.
ദേശാഭിമാനിക്കുവേണ്ടി ജനറൽ മാനേജർ കെ ജെ തോമസ് പുഷ്പചക്രം അർപ്പിച്ചു. മത സാമുദായിക നേതാക്കളായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ, പാളയം ഇമാം വി പി സുഹൈബ് മൗലവി തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.