മുംബൈ
മഹാരാഷ്ട്രയില് ഒരു വയസ്സിനു താഴെയുള്ള 40 കുട്ടികൾ പ്രതിദിനം മരിക്കുന്നതായി റിപ്പോര്ട്ട്. ഇതില് മൂന്നില് രണ്ടും ഒരു മാസത്തില് താഴെ പ്രായമുള്ളവരാണ്. കഴിഞ്ഞ ദിവസം നന്ദേഡിലെ ആശുപത്രിയില് 24 മണിക്കൂറിനിടെ 24 പേര് മരിച്ചതില് പന്ത്രണ്ടും നവജാത ശിശുക്കളായിരുന്നു. ആറ് നവജാത ശിശുക്കളുടെ മരണകാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ്. ഛത്രപതി സാമ്പാജി നഗറിലെ ആശുപത്രിയില് 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചതിലും രണ്ടു കുഞ്ഞുങ്ങളുണ്ട്. വളര്ച്ചയെത്താതെയുള്ള ജനനം, ഭാരക്കുറവ് തുടങ്ങിയവയാണ് ശിശുമരണത്തിലേക്ക് നയിക്കുന്നതെന്നും പോഷകാഹാരക്കുറവാണ് കാരണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതില് സര്ക്കാര് പരാജയമാണെന്നും ആശുപത്രി സൗകര്യങ്ങളുടെയും ജീവനക്കാരുടെയും ലഭ്യതക്കുറവ് ശിശുമരണത്തിന് കാരണമാകുന്നെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.