ന്യൂഡൽഹി
മണിപ്പുരിൽ മെയ്ത്തീ സമുദായത്തിൽ തീവ്രവാദം കുത്തിവച്ചത് മെയ്ത്തീ ലിപുൺ, ആരംബായ് തെംഗോൽ തുടങ്ങിയ സംഘടനകളാണെന്ന് വിമർശിച്ച മനുഷ്യാവകാശ പ്രവർത്തകന്റെ വീടിന് അക്രമികൾ തീയിട്ടു.
മെയ്ത്തീ വിഭാഗക്കാരനായ ബബ്ലൂ ലോയ്തോങ്ബാമിന്റെ പശ്ചിമ ഇംഫാലിലെ ക്വാകൈതെൽ തിയംലീകായിലെ വസതിയാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ഒരുഭാഗം കത്തിനശിച്ചു. ആർക്കും പരിക്കില്ല. തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ള ബബ്ലൂ കഴിഞ്ഞമാസംമുതൽ ഒളിവിലാണ്. മാധ്യമ അഭിമുഖത്തിലാണ് ബബ്ലൂവും മുൻ എഎസ്പി തനൗജം ബൃന്ദയും മെയ്ത്തീ തീവ്രവാദ സംഘടനകളെ വിമർശിച്ചത്.
തുടർന്ന്, പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന് ഇരുവർക്കും മെയ്ത്തീ തീവ്രവാദികൾ താക്കീത് നൽകി. കഴിഞ്ഞ ദിവസം ഒരു സംഘം സ്ത്രീകൾ ബൃന്ദയുടെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു.