ന്യൂഡൽഹി
ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിക്കുമെതിരെ ഡൽഹി പൊലീസ് ചുമത്തിയ യുഎപിഎ കേസിൽ സംശയങ്ങൾ പ്രകടമാക്കി ഡൽഹി ഹൈക്കോടതി. ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിമാൻഡ് അപേക്ഷയിൽ അറസ്റ്റിന്റെ കാരണങ്ങൾ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല ആരാഞ്ഞു. കേസ്ഡയറി ഹാജരാക്കാനും നിർദേശിച്ചു. അറസ്റ്റും എഫ്ഐആറും ചോദ്യം ചെയ്ത് ഇരുവരും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഡൽഹി പൊലീസിനോട് സംശയങ്ങൾക്ക് മറുപടി നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
അറസ്റ്റ് കാരണങ്ങൾ വെളിപ്പെടുത്താത്തത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയെ കോടതി ഓർമിപ്പിച്ചു. റിമാൻഡ് ഉത്തരവിലും പ്രശ്നങ്ങളുണ്ട്. മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കിയത് പുലർച്ചെ ആറിനാണ്. പ്രതിഭാഗം അഭിഭാഷകരെ കേട്ടിട്ടില്ല.
അഭിഭാഷകരെ കേൾക്കാതെ റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത് ഡൽഹി ഹൈക്കോടതിയുടെതന്നെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രബീറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ‘ആരാണ് അഭിഭാഷകനെന്ന് പൊലീസിനറിയാം. എന്നിട്ടും അറിയിച്ചില്ല. അവരുടെ അഭിഭാഷകനെമാത്രം അറിയിച്ചു.’
കേസ് എങ്ങനെയും നീട്ടാൻ ശ്രമിച്ച സോളിസിറ്റർ ജനറൽ, മറുപടിക്ക് സാവകാശം വേണമെന്ന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ആദ്യ കേസായി പരിഗണിക്കുമ്പോൾ രേഖകൾ ഹാജരാക്കാമെന്ന് മെഹ്ത ഉറപ്പുനൽകി. ഭിന്നശേഷിക്കാരനായ അമിത്തിന്റെ ചികിത്സയിൽ കുറവുണ്ടാകരുതെന്നും കോടതി നിർദേശിച്ചു.