ന്യൂഡൽഹി
നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർമാർ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് സുപ്രീംകോടതി. പശ്ചിമബംഗാൾ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലിൽ തീരുമാനം വൈകിക്കുന്ന ഗവർണർ സി വി ആനന്ദബോസിന്റെ നിലപാടാണ് സുപ്രീംകോടതി ചോദ്യംചെയ്തത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ അടയിരിക്കുന്നത് വലിയ വിമർശത്തിന് വിധേയമായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സർക്കാർ അറിയിച്ചിട്ടുണ്ട്.
‘നിയമസഭ അവരുടെ ജോലി ചെയ്തു. ശേഷം ഗവർണർ നിർവഹിക്കേണ്ട ചില കടമകളുണ്ട്. ഭരണഘടനയിൽ പ്രത്യേകിച്ച് സമയപരിധി പറഞ്ഞിട്ടില്ല. എന്നാൽ, ഗവർണർ തീരുമാനം എടുക്കേണ്ടതില്ലെന്ന് അതിന് അർഥമില്ല’–- ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഗവർണർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിനെ മുമ്പും സുപ്രീംകോടതി വിമർശിച്ചിട്ടുണ്ട്. തെലങ്കാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാത്ത ഗവർണർ തമിഴിസൈ സൗന്ദർരാജനെ 2022 ഏപ്രിലിൽ വിമർശിച്ചിരുന്നു. ‘ഗവർണർമാർ നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ എത്രയുംവേഗം തീരുമാനമെടുക്കണം. ഭരണഘടനയുടെ 200–-ാം അനുച്ഛേദത്തിൽ, ഗവർണർമാരുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന ബില്ലുകളുടെ കാര്യത്തിൽ ‘എത്രയുംവേഗം’ എന്ന പ്രയോഗത്തിന് വലിയ പ്രാധാന്യമുണ്ട്’–- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അന്ന് നിരീക്ഷിച്ചു.
മുൻ ഗവർണറായ ജഗ്ദീപ് ധൻഖർ വിദ്യാഭ്യാസമേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയതിനാലാണ് ബംഗാൾ സർക്കാർ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ ഗവർണർക്കു പകരം മുഖ്യമന്ത്രിയെ നിയമിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണുള്ളത്. 2022 ജൂണിൽ നിയമസഭ പാസാക്കിയ ബിൽ ധൻഖർ പിടിച്ചുവച്ചു. അദ്ദേഹം ഉപരാഷ്ട്രപതിയായതിനെത്തുടർന്ന് 2022 നവംബറിൽ ആനന്ദബോസ് ഗവർണറായെങ്കിലും ബില്ലിൽ തീരുമാനമെടുക്കാൻ തയ്യാറായില്ല. വിസി നിയമനം വീണ്ടും തർക്കവിഷയമായതോടെയാണ് സുപ്രീംകോടതി ഇടപെട്ടത്. ഗവർണർ–- സർക്കാർ പോര് ദൗർഭാഗ്യകരമാണെന്നും തർക്കങ്ങൾ കഴിവതും രമ്യമായി പരിഹരിക്കണമെന്നും കോടതി വെള്ളിയാഴ്ച ഇരുകൂട്ടരോടും ആവശ്യപ്പെട്ടു.