ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മെഡൽ നേട്ടം 100 കടക്കും. ഗെയിംസ് ഇനി രണ്ടുദിവസംമാത്രം. നിലവിൽ ഇന്ത്യക്ക് 95 മെഡലുണ്ട്. 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവുമായി നാലാംസ്ഥാനം. ഏഴ് മെഡലുകൾ കൂടി ഉറപ്പാക്കിയതോടെ നേട്ടം മൂന്ന് അക്കത്തിലേക്ക് ഉയരും. പുരുഷ ഹോക്കി സ്വർണംകൂടാതെ രണ്ട് വെള്ളിയും ആറ് വെങ്കലവുമാണ് വെള്ളിയാഴ്ചത്തെ സമ്പാദ്യം. ജക്കാർത്ത ഗെയിംസിലെ 70 മെഡലായിരുന്നു ഇതുവരെയുള്ള വലിയനേട്ടം. സ്വർണം 20 കടക്കുന്നതും ആദ്യം.പുരുഷ ഹോക്കി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ 5–-1ന് തോൽപ്പിച്ചാണ് നാലാംതവണ സ്വർണം നേടുന്നത്. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ടീം അംഗമാണ്.
അമ്പെയ്ത്തിൽ പുരുഷവിഭാഗം റികർവ് ഇനത്തിലും ബ്രിജ് പുരുഷവിഭാഗത്തിലും വെള്ളിയുണ്ട്. ആറ് വെങ്കലം കിട്ടിയതിൽ മൂന്നും ഗുസ്തിക്കാരുടേതാണ്. വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സോനം മാലിക്, 76 കിലോയിൽ കിരൺ ബിഷ്ണോയ്, 57 കിലോയിൽ അമൻ സെഹ്രാവത് എന്നിവർ വെങ്കലം സ്വന്തമാക്കി. ബജ്റങ് പുണിയ മെഡൽ പോരിൽ പരാജയപ്പെട്ടു. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മലയാളിതാരം എച്ച് എസ് പ്രണോയ് വെങ്കലംനേടി. തിരുവനന്തപുരത്തുകാരൻ സെമിയിൽ പരാജയപ്പെട്ടു. അമ്പെയ്ത്ത് വനിതകളുടെ റികർവ് ഇനത്തിൽ വെങ്കലമുണ്ട്. സെപക്താക്രോയിലും വനിതകൾക്ക് വെങ്കലമുണ്ട്. അമ്പെയ്ത്തിൽ സ്വർണമടക്കം മൂന്ന് മെഡൽ ഉറപ്പിച്ചു. കബഡിയിൽ രണ്ട്, ബാഡ്മിന്റണിലും ക്രിക്കറ്റിലും ഓരോന്ന് വീതവും ഉറപ്പാണ്.