തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം പകർന്ന് മേഖലാതല അവലോകന യോഗങ്ങൾ. ഭരണനിർവഹണരംഗത്ത് പുതുമാതൃക സൃഷ്ടിച്ച പരിപാടിയിലൂടെ കുരുക്കഴിഞ്ഞത് നിരവധി പദ്ധതികൾക്ക്. അഭിമാന പദ്ധതികൾക്ക് വേഗം കൂട്ടാനും വർഷങ്ങളായി മുടങ്ങിക്കിടന്നവ പുനരുജ്ജീവിപ്പിക്കാനും ജില്ലകളിലെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും യോഗങ്ങളിലൂടെ സാധിച്ചു.
തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോഴിക്കോട് മേഖലാ യോഗങ്ങളിലായി എല്ലാ ജില്ലകളിലെയും വികസന പദ്ധതികൾ അവലോകനം ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെയും ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാർ അടക്കമുള്ള ഉദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുത്തു. ഫലത്തിൽ ഒരു മിനി സെക്രട്ടറിയറ്റായി അവലോകനയോഗവേദി മാറി. പ്രശ്നം അവതരിപ്പിക്കുകയും യോഗത്തിൽവച്ചുതന്നെ പോംവഴി കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്തു. വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകേണ്ട പദ്ധതികളിൽ ചിലതാണ് കാലതാമസം നേരിടുന്നത്. എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ ഒരുമിച്ചിരുന്നാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്.
അതിദാരിദ്ര്യ നിർമാർജനം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാലു മിഷനുകളുടെ പുരോഗതി, ദേശീയപാത, മലയോര, തീരദേശ ഹൈവേ, കോവളം ബേക്കൽ ജലപാത, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എന്നിവയാണ് പ്രധാനമായും അവലോകനം ചെയ്തത്. ജലപാത 62 ശതമാനമാണ് പൂർത്തിയായത്. ഇതുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ നീക്കി 2026നുള്ളിൽ പദ്ധതി പൂർത്തിയാക്കാനുള്ള ഇടപെടൽ യോഗങ്ങളിലുണ്ടായി. മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് ഉടൻ ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും തിരുവനന്തപുരം യോഗം തീരുമാനിച്ചു.
ഏനമാക്കൽ റെഗുലേറ്ററി നവീകരണം അടക്കമുള്ള പദ്ധതികൾക്ക് തൃശൂർ യോഗത്തിൽ പുതുക്കിയ ഭരണാനുമതി നൽകി. ചാലക്കുടി ആനക്കയം കോളനിയിൽ അർഹരായ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകാനും തീരുമാനിച്ചു. സീപോർട്ട്–- എയർപോർട്ട് റോഡ്, വൈറ്റില മൊബിലിറ്റി ഹബ്ബ്, മറൈൻ ഡ്രൈവ് എന്നിവയുടെ വികസനത്തിനുള്ള തുടർനടപടി എറണാകുളം യോഗത്തിലുണ്ടായി. കുട്ടമ്പുഴയിലെ 500 കുടുംബത്തിന് ഉടൻ പട്ടയം നൽകുന്നതിനടക്കമുള്ള തീരുമാനങ്ങളുമെടുത്തു. കോഴിക്കോട്ട് നടന്ന അവലോകനയോഗത്തിൽ മലയോര ഹൈവേ നിർമാണത്തിന്റെയും ദേശീയപാത നിർമാണത്തിന്റെയും പുരോഗതി വിലയിരുത്തി. ആരംഭിച്ച പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും ബാക്കിയുള്ളവ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കാനും യോഗത്തിൽ നിർദേശം നൽകി.
ഇപ്പോൾ ചർച്ച ചെയ്ത വികസന പദ്ധതികളുടെ പുരോഗതിയും തുടർ നടപടികളും വിലയിരുത്താനായി തുടർന്നും മേഖലാ അവലോകന യോഗങ്ങൾ ചേരുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നു.