ദുബായ> ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 29-ാം വാർഷിക പതിപ്പിന് ഡിസംബർ 8ന് തുടക്കം കുറിക്കും. ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ 38 ദിവസങ്ങളിലായി നഗരത്തിന്റെ എല്ലാ കോണുകളിലും, മികച്ച അനുഭവങ്ങളുടെയും വിനോദങ്ങളുടെയും അസാധാരണമായ ഒരു സീസൺ നൽകാൻ സജ്ജമാണ് എന്ന് സംഘാടകർ അറിയിച്ചു.
വിൽപന, കിഴിവുകൾ, പോപ്പ്-അപ്പ് മാർക്കറ്റുകൾ, എക്സ്ക്ലൂസീവ് ഫീച്ചറുകൾ, വൈവിധ്യമാർന്ന റീട്ടെയിൽ ഓഫറുകൾ എന്നിവയ്ക്കൊപ്പം ചില്ലറവ്യാപാര മേഖലയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ഇത്തവണ വീണ്ടും അവതരിപ്പിക്കും.
താമസക്കാർക്കും സന്ദർശകർക്കും അതുല്യമായ അനുഭവങ്ങളാണ് ഇത്തവണ ഉണ്ടാകുക എന്ന് അധികൃതർ അവകാശപ്പെടുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന റാഫിളുകൾ, ആർട്ടിസ്റ്റുകളെയും മികച്ച പ്രാദേശിക പ്രതിഭകളെയും അവതരിപ്പിക്കുന്ന പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിനോടാനുബന്ധിച്ചു അറബ് ലോകത്തെ ഏറ്റവും മികച്ച രണ്ട് കലാകാരന്മാരായ അഹ്ലാം അൽഷംസിയും അസ്സലാ നസ്രിയും പങ്കെടുക്കുന്ന സംഗീത നിശ ഡിസംബർ 15-ന് കൊക്കകോള അരീനയിൽ നടക്കും. മികച്ച ശൈത്യകാല വിനോദമാണ് ഡിഎസ്എഫ് വാഗ്ദാനം ചെയ്യുന്നത്.