ദുബായ്> കേരളത്തിലെ കോളേജ് അലുംനികളുടെ യു എ ഇയിലെ സംയുക്ത സംഘടനയായ അക്കാഫ് (AKCAF – ഓൾ കേരള കോളേജസ് അലുംനി ഫോറം) വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ ഷാർജ എക്സ്പോ സെന്ററിലാണ് പരിപാടികൾ. ആഘോഷത്തിന് പകിട്ടേകാൻ മന്ത്രി കെ എൻ ബാലഗോപാലും നടി ഹണി റോസും എത്തും.
മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും കീബോർഡ് മാന്ത്രികൻ പ്രകാശ് ഉള്ളിയേരിയും ചേർന്നൊരുക്കുന്ന തൃകായ ബാൻഡും ചലച്ചിത്ര പിന്നണി ഗായകരായ അനൂപ് ശങ്കറും മൃദുല വാരിയറും നയിക്കുന്ന ഗാനമേളയും ആഘോഷത്തിനു മാറ്റേകും. കേരളത്തിന്റെ ദേശീയോൽസവത്തിന്റെ ചൂടും ചൂരും മറുനാട്ടുകാരെ പരിചയപ്പെടുത്താൻ 100 വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കും.
7 എമിറേറ്റുകളുടെയും ഭരണാധികാരികളുടെ രൂപത്തിലൊരുക്കുന്ന പൂക്കളങ്ങളാണ് മുഖ്യ ആകർഷണം. ശോഭ ലിമിറ്റഡിന്റെ സ്ഥാപകൻ പി എൻ സി മേനോന്റെ ഭാര്യ ശോഭാ മേനോൻ, കെഫ് ഹോൾഡിങ്സ് സ്ഥാപകൻ ഫൈസൽ കൊട്ടിക്കൊള്ളോന്റെ ഭാര്യ ഷബാന ഫൈസൽ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.
6000 പേർക്കാണ് സദ്യ. 100 രാജ്യങ്ങളിൽ നിന്നു പ്രതിനിധികൾ പങ്കെടുക്കുന്നതിനാൽ ഗ്ലോബൽ ഓണാഘോഷമാകും ഇത്തവണത്തേതെന്ന് ഭാരവാഹികളായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, വി.എസ്. ബിജുകുമാർ, ജൂഡിൻ ഫെർണാണ്ടസ്, ബക്കർ അലി, ഹാഷിക് തൈക്കണ്ടി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10 എക്സ് പ്രോപ്പർട്ടീസ് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ, കഴിഞ്ഞ ഇരുപത്തെട്ടു വർഷത്തെ പ്രവർത്തന പരിചയവുമായി പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ കൂട്ടായ്മയാണ് അക്കാഫ് എന്ന് ഭാരവാഹികൾ പറഞ്ഞു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം വിതച്ച പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തനങ്ങൾക്കായി അക്കാഫ് നൽകിയ മൊബൈൽ ക്ലിനിക് കഴിഞ്ഞ ഒരു വർഷമായി സേവനം നൽകിവരുന്നു. കോവിഡ് കാലത്തും പ്രവാസലോകത്ത് കർമ നിരതരായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതൽ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. പൂക്കളം, പായസം പാചക മത്സരങ്ങൾ, മറ്റു കലാ മത്സരങ്ങൾ എന്നിവ നടന്നു. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേനയാണ്.
ആവണി പോന്നോണം ടൈറ്റിൽ സ്പോൺസർ ടെൻ എക്സ് പ്രോപ്പർട്ടി സി.ഇ.ഒ. സുകേഷ് ഗോവിന്ദൻ, വൈസ് ചെയർമാൻ ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ ഹാഷിക് തൈക്കണ്ടി, മീഡിയ കോർഡിനേറ്റർ സിന്ധു ജയറാം, വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ വി.സി.മനോജ് ആവണി പോന്നോണം ജോയിന്റ് ജനറൽ കൺവീനർമാരായ സജി എസ് പിള്ള, വിദ്യാ പുതുശ്ശേരി, ഉമ്മർ ഫാറൂഖ്, ജോൺസൻ മാത്യു, സനീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.