ന്യൂഡൽഹി > മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും നടന്ന റെയ്ഡ് സംശയാസ്പദവും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താനായി നടത്തിയതാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദുവിന്റെ മുൻ ചീഫ് എഡിറ്ററുമായ എൻ റാം. ഓൺലൈൻ മാധ്യമമായ ദി വയറിൽ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് എൻ റാമിന്റെ പരാമർശം. മാധ്യമപ്രവർത്തകർക്കുനേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ മോദി സർക്കാരിന്റെ പുതിയ നിയമങ്ങളാണെന്നും ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസികൾ കൂട്ടിലടച്ച തത്തകളാണെന്നും എൻ റാം പറഞ്ഞു.
ചൈനയിൽ നിന്ന് ധനസഹായം സ്വീകരിച്ചു എന്ന് ആരോപിച്ചാണ് ന്യൂസ്ക്ലിക്ക് ഓഫീസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും റെയ്ഡ് നടത്തിയത്. ഡൽഹി, ഗുരുഗ്രാം, നോയ്ഡ, ഗാസിയാബാദ്, മുംബൈ എന്നിവിടങ്ങളിലായി 46 മാധ്യമപ്രവർത്തകരുടെ വീടും ഓഫീസുമാണ് 200ഓളം പൊലീസുകാർ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് ചെയ്തത്. നെവിൽ റോയ് സിംഗാമെന്ന വ്യക്തി വഴി ചൈനയിൽ നിന്നും ന്യൂസ്ക്ലിക്കിന് ധനസഹായം ലഭിച്ചുവെന്നായിരുന്നു ന്യൂയോർക്ക് ചൈംസ് റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ഈ ആരോപണങ്ങളെ എൻ റാം നിഷേധിച്ചു. സിംഗാമിനെ തനിക്കറിയാമെന്നും അദ്ദേഹം ഇടതുപക്ഷ അനുഭാവിയാണെന്നും എൻ റാം പറഞ്ഞു. ചൈനീസ് പണത്തിനോ ചൈനീസ് പ്രചരണത്തിനോ വേണ്ടിയുള്ള നടപടികൾ ചെയ്യുന്ന വ്യക്തിയല്ല അദ്ദേഹമെന്നും എൻ റാം കൂട്ടിച്ചേർത്തു. സിംഗാം ഗാർഡിയനുവേണ്ടി ചെയ്ത പ്രശംസനീയമായ പ്രവർത്തനങ്ങളെക്കുറിച്ചും എൻ റാം ചൂണ്ടിക്കാട്ടി.
ന്യൂസ്ക്ലിക്കിനെയും സിംഗാമിനെയും ബന്ധപ്പെടുത്തി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധപ്പെടുത്തിയ വാർത്ത മാധ്യമപ്രവർത്തനത്തിന്റെ മോശം ഉദാഹരണവും നിരുത്തരവാദപരവുമാണെന്നും എൻ റാം പറഞ്ഞു. മോദി സർക്കാർ മാധ്യമപ്രവർത്തകരോട് കാണിക്കുന്ന പെരുമാറ്റം അടിയന്തരാവസ്ഥയോട് സാമ്യമുള്ളതാണെന്ന് പറയാൻ താൻ ഇതുവരെ മടിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമായി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞദിവസം പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന പ്രതിഷേധത്തിൽ ഒരു പ്രമുഖ പത്രത്തിന്റെയും പ്രമുഖ വാർത്താ ചാനലിന്റെയും എഡിറ്റർമാരാരും പങ്കെടുത്തില്ല എന്നത് സങ്കടകരവും ഖേദകരവുമാണെന്നും റാം കൂട്ടിച്ചേർത്തു. 80കളുടെ അവസാനത്തിൽ രാംനാഥ് ഗോയങ്ക രാജീവ്ഗാന്ധി സർക്കാർ മുന്നോട്ടുവച്ച നടപടികളിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർക്കൊപ്പം മാർച്ച് നടത്തിയതിനെയും റാം അനുസ്മരിച്ചു.
ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയെയും എച്ച് ആർ മേധാവ് അമിത് ചക്രവർത്തിയേയും റെയ്ഡിനു ശേഷം കസ്റ്റഡിയിലെടുത്തിരുന്നു. യുഎപിഎ ചുമത്തിയാണ് ന്യൂസ്ക്ലിക്കിനെതിരെ കേസെയുത്തിരിക്കുന്നത്.