ഹാങ്ചൗ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മൂന്ന് സ്വർണംകൂടി സ്വന്തമാക്കി. അമ്പെയ്ത്തിൽ രണ്ട് സ്വർണമാണ് എയ്തുവീഴ്ത്തിയത്. സ്ക്വാഷിൽ മലയാളിയായ ദീപിക പള്ളിക്കൽ, ഹരീന്ദർപാൽ സിങ് സന്ധുവുമൊത്ത് സ്വർണം നേടി. 21 സ്വർണവും 32 വെള്ളിയും 33 വെങ്കലവുമായി ഇന്ത്യ നാലാംസ്ഥാനത്താണ്. ആകെ മെഡൽ 86. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം.സ്ക്വാഷ് വ്യക്തിഗത ഇനത്തിൽ സൗരവ് ഘോഷാൽ വെള്ളി നേടി. മുപ്പത്തിയേഴുകാരന്റെ ഒമ്പതാംഏഷ്യൻ ഗെയിംസ് മെഡലാണ്. ഗുസ്തിയിൽ ആന്റിം പംഗലിന് വെങ്കലമുണ്ട്.
മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ് മെഡൽ ഉറപ്പിച്ച് സെമിയിലെത്തി. 41 വർഷത്തിന് ശേഷം ആദ്യമായാണ് പുരുഷ ബാഡ്മിന്റൺ താരം മെഡൽ നേടുന്നത്. വനിതാ ഹോക്കി സെമിയിൽ ഇന്ത്യ ചൈനയോട് നാല് ഗോളിന് തോറ്റു. പുരുഷ ടീം വെള്ളിയാഴ്ച ഫൈനലിൽ ജപ്പാനെ നേരിടും. പുരുഷ ക്രിക്കറ്റ് ടീം സെമിയിൽ ബംഗ്ലാദേശുമായി ഏറ്റുമുട്ടും.















