അഹമ്മദാബാദ്
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കാണികളുടെ സാന്നിധ്യം ശുഷ്കമായി. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയത് അയ്യായിരത്തോളം പേർ മാത്രം. 1.34 ലക്ഷം പേർക്ക് ഇരിക്കാവുന്നതാണ് സ്റ്റേഡിയം. ലോകകപ്പ് ചരിത്രത്തിൽ ഉദ്ഘാടന മത്സരത്തിൽ കാണികൾ ഇത്രയേറെ കുറയുന്നത് ആദ്യം. ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ ഒഴിഞ്ഞ സ്റ്റേഡിയം കളിയുടെ ആവേശം കെടുത്തി.
അഞ്ച് മത്സരങ്ങളാണ് അഹമ്മദാബാദിന് അനുവദിച്ചത്. ഉദ്ഘാടന മത്സരവും ഫൈനലും കൂടാതെ 14ന് ഇന്ത്യ–-പാകിസ്ഥാൻ പോരാട്ടവും ഇവിടെയാണ്. ഈ കളിക്ക് കാണികൾ കയറുമെന്നാണ് പ്രതീക്ഷ. നവംബർ നാലിന് ഇംഗ്ലണ്ട് ഓസ്ട്രേലിയയെയും 10ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും നേരിടും.
വെള്ളിയാഴ്ച പാകിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. ഹൈദരാബാദിലാണ് ഈ മത്സരം. ഇന്ത്യയുടെ ആദ്യകളി ഞായറാഴ്ച ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ്. ന്യൂസിലൻഡ് ഒമ്പത് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപിച്ച് കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് പകരം വീട്ടി.