കൊച്ചി
കരുവന്നൂർ സഹകരണബാങ്കിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത ആധാരം തിരികെ നൽകണമെന്ന് ഹൈക്കോടതി. ബാങ്ക്വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്നുകാണിച്ച് നിക്ഷേപകനായ ഫ്രാൻസിസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ആധാരത്തിനായി ഫ്രാൻസിസ് ബാങ്കിൽ അപേക്ഷ നൽകണം. അപേക്ഷ സ്വീകരിച്ചശേഷം ബാങ്ക് ഇഡിയെ സമീപിക്കണം. അസൽ ആധാരം ആവശ്യമില്ലാത്തപക്ഷം അത് തിരികെ നൽകണമെന്ന് കോടതി ഉത്തരവിൽ നിർദേശിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ഇഡി കുറേയധികം ഫയലുകൾ പിടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്നും യഥാർഥത്തിൽ ഇവ അന്വേഷണത്തിന് ആവശ്യമാണോയെന്ന് വിശദീകരണം തേടണമെന്നും സർക്കാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണത്തിനായി ആധാരങ്ങളുടെ പകർപ്പ് എടുക്കുന്നതിന് പകരം ഇഡി അസ്സൽ ആധാരങ്ങൾ കൊണ്ടുപോയത് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കാനാണെന്നും ആക്ഷേപമുണ്ട്. കരുവന്നൂരിൽ നിന്ന് 184.6 കോടി രൂപ വിലമതിക്കുന്ന 162 ആധാരങ്ങളാണ് ഇഡി കസ്റ്റഡിയിലെടുത്തത്. പണം തിരിച്ചടയ്ക്കാൻ വരുന്നവർ ആധാരമില്ലാത്തതിനാൽ തുക അടയ്ക്കാതെ മടങ്ങുന്ന സാഹചര്യമാണുള്ളതെന്നും സഹകരണ മന്ത്രി വി എൻ വാസവൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.