മനാമ > ബഹ്റൈൻ പ്രതിഭയുടെ 29-മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി കുട്ടികളുടെ ഏകദിന കായികമേള നടത്തുന്നു. ഒക്ടോബർ 6ന് അറാദിലുള്ള മുഹറഖ് ക്ലബ് സ്റ്റേഡിയത്തിൽ രാവിലെ 9 മണിമുതൽ മേള ആരംഭിക്കും. ബഹ്റൈൻ ട്രയിനിംഗ് അക്കാദമിയുടെ ചെയർമാൻ മുഹമ്മദ് ബഖ്ഷ് അൽ ബലൂഷി മേള ഉദ്ഘാടനം ചെയ്യും. നൂറിൽപരം കുട്ടികൾ പങ്കെടുക്കും. സുരേഷ് അത്താണിക്കൽ ജനറൽ കൺവീനറായും ബിനു കരുണാകരൻ കൺവീനറായും അനിൽ സി കെ ജോയിന്റ് കൺവീനറുമായ സംഘാടക സമിതിയാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്.
ഒക്ടോബർ 12 വ്യാഴാഴ്ച റിഫ മേഖല സംഘടിപ്പിക്കുന്ന “പ്രവാസ ലോകത്തെ തൊഴിലും സമ്പാദ്യവും” എന്ന വിഷയത്തിലുള്ള പ്രവാസി സംഗമവും സെമിനാറും 13 വെള്ളിയാഴ്ച സൽമാബാദ് മേഖല നടത്തുന്ന കുട്ടികൾക്കായുള്ള “വരയും വർണവും” എന്ന പേരിൽ ചിത്രകല ക്യാമ്പും 19 വ്യഴാഴ്ച മനാമ മേഖല സംഘടിപ്പിക്കുന്ന “കടൽ കടക്കുന്ന മലയാള സാഹിത്യം” എന്ന വിഷയത്തിൽ സെമിനാറും നടക്കും. ഇതോടനുബന്ധിച്ച് സാഹിത്യ രചന-ക്വിസ് മത്സരങ്ങളും നടത്തുന്നുണ്ട്.
നവംബർ 10ന് പ്രതിഭ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ രാഘവൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലിയായി ‘എങ്ങിനെ നീ മറക്കും’ സംഗീത പരിപാടി നടത്തും.17 ന് കേരളത്തിലെയും ബഹ്റൈനിലെയും മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ‘മാധ്യമങ്ങൾ കണ്ണടക്കുമ്പോൾ’ എന്ന മാധ്യമ സെമിനാർ, 24 ന് ബഹ്റൈനിലെ പ്രവാസി വനിതകൾക്ക് മാത്രമായുള്ള കലോത്സവം” പെണ്ണരങ്ങ് ” എന്നീ പരിപാടികളും ഡിസംബർ 15-നു നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികളായ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.