തിരുവനന്തപുരം
ന്യൂസ് ക്ലിക്ക് വാർത്താപോർട്ടൽ സ്ഥാപിത പത്രാധിപരെയടക്കം അറസ്റ്റു ചെയ്തതും സ്ഥാപനം പൂട്ടിച്ചതും മലയാളത്തിലെ ബഹുഭൂരിപക്ഷം പത്രങ്ങൾക്കും സാധാരണ വാർത്തമാത്രം. വിമർശിച്ചാൽ ആരായാലും അടിച്ചമർത്തുമെന്ന് ധിക്കാരം കാണിക്കുന്ന ഫാസിസ്റ്റ് ഭരണരീതിക്കെതിരെ മുഖ്യധാരാ മാധ്യമങ്ങൾക്ക് തെല്ലും പ്രതിഷേധമില്ല.
ന്യൂസ് ക്ലിക്കിനെതിരെയുള്ള വ്യാജ ആരോപണങ്ങൾ ശരിയെന്ന രീതിയിലാണ് റിപ്പോർട്ടിങ്. സംഭവം മനോരമയ്ക്ക് പ്രധാന വാർത്തപോലുമായില്ല. ജ്ഞാനപീഠക്കാരെ കുറിച്ചായിരുന്നു എഡിറ്റോറിയൽ. മാതൃഭൂമി മുഖ്യവാർത്തയാക്കിയെങ്കിലും കേന്ദ്രനടപടിയിൽ ഒരു അസ്വാഭാവികതയും അവർ കണ്ടില്ല. എഡിറ്റോറിയൽ അക്ഷരമാലയെ കുറിച്ച്. ചൈനീസ് ബന്ധം സ്ഥിരീകരിക്കും വിധമാണ് കേരള കൗമുദി വാർത്ത. ഇടതുപക്ഷ പത്രങ്ങളും മാധ്യമം പോലെ അപൂർവം മറ്റുപത്രങ്ങളുമാണ് പ്രതിഷേധ സ്വരത്തിൽ റിപ്പോർട്ട് ചെയ്തത്.
ചൈനാബന്ധവും സമരസഹായങ്ങളും ആരോപിച്ച് എല്ലാവർക്കും വാർത്തകൊടുത്തപ്പോഴും, ന്യൂസ് ക്ലിക്കിന് എഫ്ഐആർ എങ്കിലും നൽകാനോ, കുറ്റമെന്തെന്ന് വിശദീകരിക്കാനോ കേന്ദ്രപൊലീസ് തയ്യാറായില്ല. എന്തെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ വാർത്തകളോ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളോ ഉള്ളതായി തെളിയിച്ചിട്ടില്ല. അവർ കൊടുത്ത വാർത്തകളും വീഡിയോകളും മുഴുവൻ ഇന്റർനെറ്റിൽ ലഭ്യമാണ്. സാമാന്യ മര്യാദപോലും പാലിക്കാതെയാണ് കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും വർഷങ്ങളെടുത്ത് ശേഖരിച്ച ഡാറ്റകളും പിടിച്ചെടുത്തത്.
പച്ചയായ പ്രതികാര നടപടിയെന്ന് ബോധ്യമുള്ള റെയ്ഡും അറസ്റ്റും മാധ്യമ സ്വതന്ത്ര്യത്തെയെന്നല്ല പൗരന്റെ ശബ്ദിക്കാനുള്ള മൗലികാവകാശത്തെവരെ തടയുന്നതാണ്. മറ്റുള്ളവരെ പുലഭ്യം പറയാൻ മാത്രം ഓൺലൈൻ പോർട്ടൽ ഉപയോഗിക്കുന്ന ചിലരെ കോടതി ഉത്തരവ് പ്രകാരം ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ മാധ്യമ സ്വാതന്ത്ര്യം തകർന്നുവീണെന്ന് വിലപിച്ചവരാണ് പല മുഖ്യധാരകളും. അംബാനിയുടേയും അദാനിയുടേയും പരസ്യപ്പേജുകൾ സുലഭമായതോടെ മാധ്യമ സ്വാതന്ത്ര്യ ‘ പോരാട്ടം ’ അവസാനിപ്പിച്ച ഉത്തരേന്ത്യൻ മുഖ്യധാര മലയാളത്തിലേക്കും പറിച്ചുനട്ടിരിക്കുന്നുവെന്ന് തെളിയിക്കുകയാണ് ഈ നിശബ്ദത.