ന്യൂഡൽഹി
ബിഹാർ മോഡൽ ജാതി സെൻസസ് വേണമെന്ന ആവശ്യം മറ്റു സംസ്ഥാനങ്ങളിൽ ശക്തമായതോടെ ആശങ്കയോടെ ബിജെപി. 90 കളിലെ മണ്ഡൽകമീഷൻ പ്രക്ഷോഭത്തിന് സമാനമായി ഇത് ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗത്തിന്റെ ഏകീകരണത്തിലേക്ക് നയിച്ചാൽ അത് വൻ തിരിച്ചടിയാകുമെന്ന് ബിജെപി തിരിച്ചറിഞ്ഞുകഴിഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ കപട ദേശീയത പറഞ്ഞ് അധികാരത്തിൽ തുടരാമെന്ന് വ്യോമോഹിക്കവെയാണ് ബിഹാറിൽനിന്നുള്ള പ്രഹരം. ഉത്തർപ്രദേശിൽ ജാതി സെൻസസ് നടത്തണമെന്ന ആവശ്യവുമായി സഖ്യകക്ഷികൾ രംഗത്തെത്തിയത് ബിജെപി നേതൃത്വത്തെ കുഴക്കി. പിന്നോക്കവിഭാഗമായ രാജ്ഭർ വിഭാഗത്തിന് മേധാവിത്വമുള്ള സുഹേൽദേവ് ഭാരതീയ സമാജ്വാദി പാർടി (എസ്ബിഎസ്പി), മന്ത്രി സഞ്ജയ് നിഷാദ് നേതൃത്വം നൽകുന്ന നിഷാദ് പാർടി, കുർമി വിഭാഗത്തിന്റെ പിന്തുണയുള്ള അപ്നാദൾ (സോനേലാൽ വിഭാഗം) തുടങ്ങിയവരാണ് യുപിയിൽ ജാതി സെൻസസ് മുന്നോട്ടുവയ്ക്കുന്നത്. എസ്പി, ബിഎസ്പി, കോൺഗ്രസ് പാർടികൾ ജാതി സെൻസസ് വിഷയം കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണം ആരംഭിച്ചതും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി.
അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും കാര്യങ്ങൾ പന്തിയല്ല എന്ന വിലയിരുത്തലിലാണ് ബിജെപി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സ്ഥാനാർഥി കമൽനാഥും വ്യക്തമാക്കിയത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സംഘപരിവാർ. മഹാരാഷ്ട്രയിൽ ജാതി സർവേ നടത്തുന്നതിനോട് പ്രതികൂല നിലപാടില്ലെന്ന ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഒഡിഷ മുഖ്യമന്ത്രി നവിൻ പട്നായിക് ഒബിസി സർവേ കമീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും കമീഷൻ ഉടൻ റിപ്പോർട്ട് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും ബിജെഡി എംഎൽഎ ദേബി പ്രസാദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
ജാതി സെൻസസ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിരവധി പാർടികൾ ഡിഎംകെ സർക്കാരിന് നിവേദനം നൽകി. അതേസമയം, പിന്നോക്ക വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കാൻ ജാതി സെൻസസ് അടിയന്തരമായി സംഘടിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷക്കൂട്ടായ്മയായ ഇന്ത്യ മുന്നണി ശക്തമാക്കി.