ന്യൂഡൽഹി
സത്യത്തിനും സാമൂഹ്യനീതിക്കുമായി കൈക്കൊണ്ട നിർഭയ നിലപാടുകളാണ് ന്യൂസ്ക്ലിക്കിനെയും അതിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെയും കേന്ദ്ര ബിജെപി സർക്കാരിന്റെ നോട്ടപ്പുള്ളികളാക്കിയത്. വിദ്യാഭ്യാസകാലംമുതൽ അടിയുറച്ച ജനാധിപത്യവാദിയും പ്രക്ഷോഭകനുമായിരുന്നു പ്രബീർ. അടിയന്തരാവസ്ഥക്കാലത്ത് ഡൽഹി ജെഎൻയുവിൽ വിദ്യാർഥി. അക്കാലത്ത് വികസിച്ചുവരുന്ന മേഖലയായ കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസിൽ ഫെല്ലോഷിപ്പോടുകൂടിയ ഒരേയൊരു സീറ്റ് നേടിയെടുത്ത പ്രതിഭ.
പതിറ്റാണ്ടുകളായി ഡൽഹിയിലെ സാമൂഹിക–- സാംസ്കാരിക–- രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമാണ് പ്രബീർ. ഡൽഹി സയൻസ് ഫോറത്തിന്റെ സ്ഥാപകാംഗം. നിരവധി ശാസ്ത്ര–- രാഷ്ട്രീയ പുസ്തകങ്ങളുടെ രചയിതാവ്. പുതുതലമുറയ്ക്കായി ഓൺലൈനിൽ ഒരു ഇടതുപക്ഷ മാധ്യമം എന്ന നിലയിലാണ് 2009ൽ ന്യൂസ്ക്ലിക്കിന് തുടക്കമിട്ടത്. സ്റ്റുഡിയോ ഒരുക്കുന്നതിൽ മകൻ പ്രതീക് സഹായിച്ചു. കൺസൾട്ടന്റ് എന്ന നിലയിൽ ലഭിക്കുന്ന വേതനത്തിൽനിന്ന് മാറ്റിവച്ച തുകയായിരുന്നു മൂലധനം. ചെറിയ നിലയിൽ തുടങ്ങിയ സ്ഥാപനം വേഗത്തിൽ ശ്രദ്ധനേടി. പ്രത്യേകിച്ച് ഹിന്ദി വാർത്താ വീഡിയോകൾ. കർഷകസമര ഘട്ടത്തിലും മറ്റും ന്യൂസ്ക്ലിക് വാർത്തകളും വീഡിയോകളും വ്യാപകമായി പ്രചരിക്കപ്പെട്ടു.