ന്യൂഡൽഹി
ഇരുന്നൂറിൽപ്പരം പേരുടെ ജീവനെടുത്ത കലാപം അഞ്ചുമാസം പിന്നിടുമ്പോൾ മണിപ്പുരിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണം. മണിപ്പുർ സംഘർഷഭരിതമായി തുടരുന്നെന്ന് കേന്ദ്ര–-സംസ്ഥാന ഭരണകക്ഷിയായ ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസും സമ്മതിക്കുന്നു. തങ്ങളുടെ പ്രവർത്തകർ മെയ്ത്തീ–-കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും പുണെയിൽ നടന്ന ആർഎസ്എസ് ത്രിദിന നേതൃസമ്മേളനം അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഭരണകക്ഷി ഇത്രത്തോളം ജനരോഷം നേരിടുന്ന സാഹചര്യമുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എ ശാർദാദേവി ദേശീയ നേതൃത്വത്തിന് കത്തയച്ചതിനു പിന്നാലെയാണ് ആർഎസ്എസ് പ്രതികരണം.
സംസ്ഥാനത്ത് മെയ്ത്തീ–-കുക്കി വൈരം വളർത്തിയ ബിരേൻസിങ് സർക്കാർതന്നെയാണ് ഇപ്പോൾ പരിഹാരമാർഗമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നിർദേശിക്കുന്നത്. അസമിൽ ഇത് പൂർണ പരാജയമായത് ആദിവാസി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 1951നകം ഇവിടെ താമസമാക്കിയവരെയും പിൻഗാമികളെയും രജിസ്റ്ററിൽ ഉൾക്കൊള്ളിക്കാനാണ് നിർദേശം. റോഡില്ലാതിരുന്ന അക്കാലത്ത് സെൻസസ് ഉദ്യോഗസ്ഥർക്ക് ആദിവാസിമേഖലകളിൽ എത്തിച്ചേരാനായിരുന്നില്ല. അതിനാൽ നീക്കം ആദിവാസികളെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. മെയ്ത്തീ സംഘടനകളുടെ ഏകോപന സമിതിയാണ് 1951 പരിധി നിശ്ചയിച്ച് എൻആർസി നടപ്പാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്.