തൃശൂർ
കരുവന്നൂർ സഹകരണ ബാങ്കിൽനിന്നും തട്ടിയത് 500 കോടിയാണെന്ന് ഇതുവരെ നുണപ്രചരിപ്പിച്ച മനോരമ ഒടുവിൽ സത്യംപറഞ്ഞു. കരുവന്നൂരിലെ ക്രമക്കേട് അന്വേഷിച്ച സഹകരണ വകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ബിനാമി വായ്പകളായി 103.18 കോടിയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. 2019 –-ൽ റിപ്പോർട്ട് പുറത്തുവന്നിട്ടും കരുവന്നൂരിൽ 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന നുണയാണ് മനോരമ പ്രചരിപ്പിച്ചത്.
ബുധനാഴ്ച ആരംഭിച്ച ‘സഹകരണത്തിന് സങ്കടപ്പലിശ’ എന്ന പരമ്പരയിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ കണ്ടെത്തലാണ് ശരിയെന്ന് മനോരമ വ്യക്തമാക്കി. സഹകരണ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ 103.18 കോടി രൂപ ഏതാനും ജീവനക്കാരുടെ ഇടപെടൽമൂലം ബിനാമി വായ്പകളായി നൽകിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇത് മറച്ചുവച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കണ്ടെത്തൽ എന്ന നിലയിൽ 500 കോടിയുടെ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്നായിരുന്നു മനോരമ നിരന്തരം പ്രചരിപ്പിച്ചത്.
ബിനാമി വായ്പകൾക്കുപുറമെ ചിട്ടിനടത്തിപ്പിൽ ചില ക്രമക്കേടുകൾകൂടി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതെല്ലാം ചേർത്ത് അവിടെ ആകെ നടന്ന ക്രമക്കേട് 117 കോടി രൂപയുടേതാണെന്ന് ക്രൈം ബ്രാഞ്ച് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിൽ ആകെ വായ്പ ബാക്കിനിൽപ്പ് 405.25 കോടിയാണ്. ഇതിൽ 76.64 കോടി രൂപയാണ് കുടിശ്ശിക. 2020 മാർച്ച് 31 ന് ആകെ നിക്ഷേപം 350.70 കോടിയാണ്.
2022 ജൂലൈ 31 ന് ബാങ്കിന്റെ നിക്ഷേപം 284.61 കോടിയും വായ്പ ബാക്കിനിൽപ്പ് 368.01 കോടിയായും കുറഞ്ഞു. ആകെ 405 കോടി രൂപ വായ്പ നൽകിയ ബാങ്കിൽ 500 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് പറഞ്ഞ് ഇതുവരെ വായനക്കാരെ കബളിപ്പിക്കുകയായിരുന്നു മനോരമയടക്കമുള്ള മാധ്യമങ്ങൾ.