ദുബായ്> ദുബായ് മുനിസിപ്പാലിറ്റി ‘മൊബൈല് ഫുഡ് ടെസ്റ്റിംഗ് ലാബ് നവീകരിച്ചു. അധിക പരിശോധനാ ശേഷികള് ഉള്ക്കൊള്ളുന്നതാണ് നൂതന ലബോറട്ടറി. ഭക്ഷ്യ ഉല്പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി മൈക്രോബയോളജിക്കല് പരിശോധനകള് നടത്തുന്ന സമഗ്രമായ ലബോറട്ടറിയായി ‘മൊബൈല് ഫുഡ് ടെസ്റ്റിംഗ് ലാബ്’ സ്ഥാപിക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.
നൂതന സാങ്കേതികവിദ്യകളോടെ സവിശേഷമായി രൂപ കല്പന ചെയ്ത യു.എ.ഇ.യില് ഇത്തരത്തിലുള്ള ആദ്യത്തെ ലാബാണ് ഇത് എന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ ദുബായ് സെന്ട്രല് ലബോറട്ടറി ഡിപ്പാര്ട്ട്മെന്റ് ഡയറക്ടര് ഹിന്ദ് മഹ്മൂദ് മഹാബ പറഞ്ഞു.
ദുബായ് വിപണികളില് ഉയര്ന്ന നിലവാരത്തിലുള്ള സുരക്ഷയും ഉല്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്ന ഉയര്ന്ന തലത്തിലുള്ള സേവനങ്ങള് നല്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകള് ഉപയോഗിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ അചഞ്ചലമായ പ്രതിബദ്ധത മൊബൈല് ഫുഡ് ടെസ്റ്റിംഗ് ലാബിലൂടെ പ്രകടമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്ത്തു.
സുരക്ഷിതമായ താമസത്തിന് അനുയോജ്യമായ നഗരമെന്ന പദവി ദുബായ് ഒരിക്കല് കൂടി ഉറപ്പിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്തൃ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിനും സമ്പന്നമാക്കുന്നതിനുമായി അതിന്റെ വിഭവങ്ങളും കഴിവുകളും പരമാവധിയാക്കുന്നതിനുള്ള ഉത്തരവാദിത്വത്തില് മുനിസിപ്പാലിറ്റി ഉറച്ചുനില്ക്കുന്നു.
നൂതന കമ്പ്യൂട്ടര് പ്രോഗ്രാമുകളിലൂടെ 20-ലധികം അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില് ലാബ് ലബോറട്ടറി പരിശോധനകള് നടത്തും.