തിരുവനന്തപുരം
ജനാധിപത്യവിരുദ്ധ മാധ്യമവേട്ടയ്ക്കെതിരെ അഖിലേന്ത്യാതലത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വ്യാഴാഴ്ച പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപിയും സംസ്ഥാന സെക്രട്ടറി വി കെ സനോജും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡ് കേന്ദ്ര സർക്കാരിന്റെ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചനയാണ്. രാഷ്ട്രീയപ്രേരിതമായ ഈ മാധ്യമവേട്ടയുടെ ലക്ഷ്യം ഇനിയാരും കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കരുതെന്ന മുന്നറിയിപ്പാണ്. ഇതിനെതിരെ രാജ്യവ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുകയും സമാനമനസ്കരുമായി ചേർന്ന് വിശാലമായ പ്ലാറ്റ്ഫോം ഉയർത്തിക്കൊണ്ടു വരുമെന്നും എ എ റഹിം പറഞ്ഞു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ഷിജൂഖാൻ, അഡ്വ. ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി അനൂപ് എന്നിവരും പങ്കെടുത്തു.