ന്യൂഡൽഹി
സമൻസിനോട് സഹകരിച്ചില്ല, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ല എന്നപേരിൽ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) സുപ്രീംകോടതി. ഒരാൾ കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തമബോധ്യം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റിലേക്ക് കടക്കാൻ പാടുള്ളൂവെന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) 19–-ാം വകുപ്പ് പറയുന്നതായും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പി വി സഞ്ജയ്കുമാർ എന്നിവരുടെ ബെഞ്ച് ഓർമിപ്പിച്ചു.
‘സാക്ഷി പറയാൻ ഒരാളെയും നിർബന്ധിക്കരുതെന്ന് ഭരണഘടനയുടെ 20(3) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നു. അതിന് വിരുദ്ധമായി, കസ്റ്റഡിയിലുള്ളയാൾ ഏജൻസിയുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരങ്ങൾ നൽകുമെന്നും കുറ്റസമ്മതം നടത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് നിരവധി കേസുകളിൽ കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്’–- സുപ്രീംകോടതി ഇഡിയെ ഓർമിപ്പിച്ചു.
അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങൾ വിശദീകരിക്കുന്ന രേഖയുടെ പകർപ്പ് അറസ്റ്റിനുമുമ്പ് കൈമാറേണ്ടത് അനിവാര്യമാണ്. അല്ലാതെയുള്ള അറസ്റ്റുകൾ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എംത്രീഎം ഡയറക്ടർമാരെ അറസ്റ്റുചെയ്ത ഇഡി നടപടി നിയമവിരുദ്ധമെന്ന വിധിന്യായത്തിലാണ് ഇഡിയുടെ അധികാരങ്ങൾ നിയമപരിധികൾക്കുള്ളിലാണെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചത്.