ന്യൂഡൽഹി
ഷഹീൻബാഗ് സമരവും കർഷകസമരവും റിപ്പോർട്ടുചെയ്തിരുന്നോ എന്ന ഡൽഹി പൊലീസിന്റെ ചോദ്യം അമ്പരപ്പിച്ചെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പരൻജോയ് ഗുഹാ താക്കൂർത്ത പറഞ്ഞു. ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത താക്കൂർത്ത ഡൽഹി പ്രസ്ക്ലബ്ബിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു.
‘ഇന്ത്യൻ മാധ്യമമേഖലയെ സംബന്ധിച്ച് കരിദിനമായിരുന്നു ചൊവ്വാഴ്ച. യാതൊരു മര്യാദയുമില്ലാതെയാണ് വനിതാ മാധ്യമപ്രവർത്തകരുടെയടക്കം വസതികളിലേക്ക് പൊലീസ് ഇരച്ചുകയറിയത്. മാധ്യമസ്വാതന്ത്ര്യം ഇന്ത്യയിൽ പൂർണമായി നഷ്ടമാവുകയാണ്. എഴുപത്താറുകാരനായ പ്രബീർ പുർകായസ്തയോട് കസ്റ്റഡിയിൽ പൊലീസ് മാന്യമായി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം കസ്റ്റഡിയിലായിട്ടുള്ള അമിത് ചക്രവർത്തി ഭിന്നശേഷിക്കാരനാണ്’ –- താക്കൂർത്ത പറഞ്ഞു.
പ്രതിഷേധം തുടരുന്നു
ന്യൂസ്ക്ലിക്കിനെതിരായ ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം. ബുധനാഴ്ച ഡൽഹി പ്രസ്ക്ലബ്ബിൽ വിവിധ മാധ്യമസംഘടനാ പ്രതിനിധികളും മുതിർന്ന മാധ്യമപ്രവർത്തകരും സാമൂഹിക–- രാഷ്ട്രീയപ്രവർത്തകരും ഒത്തുചേർന്ന് ഡൽഹി പൊലീസ് നടപടിയെ അപലപിച്ചു. പ്രസ്ക്ലബ്ബിൽനിന്ന് ജന്തർമന്തറിലേക്ക് മാധ്യമസംഘടനകൾ നടത്താനിരുന്ന മാർച്ച് പൊലീസ് വൻ സന്നാഹവുമായെത്തി തടഞ്ഞു. തുടർന്ന്, മാധ്യമപ്രവർത്തകർ പ്രസ്ക്ലബ്ബിന് മുന്നിൽ പ്രതിഷേധിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, രാജ്ദീപ് സർദേശായ്, നിധി റസ്ദാൻ, അശുതോഷ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, എഴുത്തുകാരി അരുന്ധതി റോയ്, രാജ്യസഭാംഗം മനോജ് ഝാ, യോഗേന്ദ്ര യാദവ്, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുരളീധരൻ തുടങ്ങിയവർ പ്രതിഷേധത്തിനെത്തി. വിവിധ മാധ്യമസംഘടനകൾ സംയുക്തമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനയച്ച കത്ത് സിദ്ധാർത്ഥ് വരദരാജൻ വായിച്ചു.