ന്യൂഡൽഹി
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ് മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് തുറന്ന കത്തെഴുതി 16 മാധ്യമ സംഘടനകൾ. കഴിഞ്ഞദിവസം ന്യൂസ്ക്ലിക്ക് പോർട്ടലുമായി ബന്ധപ്പെട്ട 46 മാധ്യമപ്രവർത്തകർ, എഡിറ്റർമാർ, എഴുത്തുകാർ തുടങ്ങിയവരുടെ വസതികളിൽ ഡൽഹി പൊലീസ് സ്പെഷ്യൽസെൽ റെയ്ഡ് നടത്തി. യുഎപിഎ ചുമത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കംപ്യൂട്ടറുകളും മൊബൈൽഫോണുകളും പിടിച്ചെടുത്തു. കർഷകപ്രക്ഷോഭവും കോവിഡും സിഎഎ പ്രക്ഷോഭവും മറ്റും റിപ്പോർട്ട് ചെയ്തതിന് അവ്യക്തമായ ആരോപണങ്ങളുയർത്തി അന്വേഷണം നടത്തുന്നത് ശരിയല്ല–- ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ പറയുന്നു.
‘മാധ്യമപ്രവർത്തകർ നിയമത്തിന് മുകളിലല്ലെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വിരട്ടിനിർത്താനുള്ള നീക്കങ്ങൾ ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണ്. യുഎപിഎ കേസുകളിൽ അറസ്റ്റിലാകുന്ന മാധ്യമപ്രവർത്തകർ വർഷങ്ങളോളം ജാമ്യംകിട്ടാതെ ജയിലുകളിൽ നരകിക്കും. രണ്ടുവർഷം തടവിന് ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. സത്യസന്ധമായ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. സുപ്രീംകോടതി അടിയന്തരമായി ഇടപെടണം’–- കത്തിൽ പറയുന്നു.
ഡിജിപബ്ബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ, ഇന്ത്യൻ വിമെൻസ് പ്രസ് കോർ, പ്രസ്ക്ലബ് ഓഫ് ഇന്ത്യ, ഫൗണ്ടേഷൻ ഓഫ് മീഡിയാ പ്രൊഫഷണൽസ്, നെറ്റ്വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ, നാഷണൽ അലയൻസ് ഓഫ് ജേർണലിസ്റ്റ്സ്, ചണ്ഡിഗഢ് പ്രസ്ക്ലബ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, കേരളാ യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് തുടങ്ങിയ 16 സംഘടനകളാണ് കത്തെഴുതിയത്.