ഹാങ്ചൗ
നീരജ് ചോപ്രയുടെ സ്വർണം പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ, ജീവിതത്തിലെ ഏറ്റവും മികച്ച ഏറുമായി കിഷോർകുമാർ ജെന വെള്ളിയുമായി അവതരിച്ചു. പുരുഷന്മാരുടെ ജാവലിൻ ത്രോ തുടക്കംമുതൽ നാടകീയമായിരുന്നു. നീരജിന്റെ ആദ്യ ഏറ് 85 മീറ്ററിനും 90 മീറ്ററിനും ഇടയിലായിരുന്നു. പക്ഷേ, ദൂരം അളക്കുന്നതിലെ സാങ്കേതിക പിഴവുമൂലം വീണ്ടും എറിയേണ്ടിവന്നു. അങ്ങനെ എറിഞ്ഞ ആദ്യത്തേതിൽ 82.38 മീറ്ററാണ് താണ്ടാനായത്. തുടർന്ന് 84.49 മീറ്റർ. ഫൗളിനുശേഷമുള്ള നാലാമത്തെ ഏറിലാണ് ഈസീസണിലെ മികച്ച ദൂരത്തോടെ സ്വർണം. അഞ്ചാമത്തേത് 80.80 മീറ്ററിൽ ഒതുങ്ങിയപ്പോൾ അവസാനത്തേത് ഫൗളായി. നീരജിനൊപ്പം പിടിക്കുന്ന ഏറുകളായിരുന്നു ജെനയുടേത്. നാലാമത്തെ ഏറിലാണ് വെള്ളി കണ്ടെത്തിയ 87.54 മീറ്റർ പിറന്നത്.
മലയാളി താരങ്ങളുടെ കിടിലൻ ഫിനിഷിന്റെ കരുത്തിലായിരുന്നു പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേ ടീം സ്വർണം. ആദ്യമോടിയ കൊല്ലംകാരൻ മുഹമ്മദ് അനസ് അഞ്ചാമതായാണ് ബാറ്റൺ കൈമാറിയത്. ഡൽഹി മലയാളി അമോജ് ജേക്കബ്ബിന്റെ ഗംഭീര ഓട്ടമാണ് സ്വർണത്തിലേക്കുള്ള കുതിപ്പിൽ നിർണായകമായത്. ഒന്നാമതായാണ് മുഹമ്മദ് അജ്മലിന് ബാറ്റൺ കൈമാറിയത്. പാലക്കാട്ടുകാരൻ ലീഡ് വിട്ടുകൊടുക്കാതെ അവസാന ലാപ്പ് ഓടിയ കോയമ്പത്തൂർ സ്വദേശി രാജേഷ് രമേഷിന് ബാറ്റൺ നൽകി. ഒപ്പമെത്താൻ ശ്രമിച്ച ഖത്തറുകാരനെ പിന്തള്ളി രാജേഷ് സ്വർണമുറപ്പിച്ചു. സമയം മുന്ന് മിനിറ്റ് 01.58 സെക്കൻഡ്. ലോക ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റെക്കോഡിട്ട ടീമിന്റെ തുടർച്ചയായ വിജയമാണിത്.
അത്ലറ്റിക്സിൽ ഇനി മാരത്തൺ മാത്രം അവശേഷിക്കെ ഇന്ത്യ ആറ് സ്വർണവും 14 വെള്ളിയും ഒമ്പത് വെങ്കലവും നേടി. 29 മെഡലുമായി മൂന്നാംസ്ഥാനം. ചൈന 18 സ്വർണമടക്കം 36 മെഡൽ കരസ്ഥമാക്കി. ബഹ്റൈന് ഒമ്പത് സ്വർണമടക്കം 15 മെഡൽ. ഇന്ത്യക്ക് കഴിഞ്ഞതവണ എട്ട് സ്വർണത്തോടെ 20 മെഡലായിരുന്നു.
വനിതകളുടെ 4 x 400 മീറ്റർ റിലേയിൽ വിത്യ രാമരാജ്, ഐശ്വര്യ കൈലാഷ് മിശ്ര, പ്രാചി, ശുഭ വെങ്കിടേശൻ എന്നിവർ അടങ്ങിയ ടീം മൂന്ന് മിനിറ്റ് 27.85 സെക്കൻഡിൽ വെള്ളി പിടിച്ചു. ബഹ്റൈൻ സ്വർണവും ശ്രീലങ്ക വെങ്കലവും നേടി. 800 മീറ്ററിൽ ഹർമിലൻ ബെയ്ൻസ് (2:03.75) രണ്ടാമതായി. ഹർമിലന് 1500 മീറ്ററിലും വെള്ളിയുണ്ടായിരുന്നു. പുരുഷന്മാരുടെ 5000 മീറ്ററിൽ അവിനാഷ് സാബ്ലെ രണ്ടാമതായി. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ സ്വർണം നേടിയിരുന്നു. ട്രിപ്പിൾജമ്പിൽ മലയാളി എൻ വി ഷീന ആറാമതായി. ഹൈജമ്പിൽ സർവേഷ് അനിൽ കുഷാരെ നാലാംസ്ഥാനത്തെത്തി. സ്വർണം ഖത്തറിന്റെ ഒളിമ്പ്യൻ മുതാസ് ബാർഷിമിനാണ്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മിക്സഡ് റിലേയിൽ ഇന്ത്യക്ക് കിട്ടിയ വെള്ളി സ്വർണമായി ഉയർത്തി. ഒന്നാമതെത്തിയ ബഹ്റൈൻ ടീം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. മുഹമ്മദ് അനസ് ടീമിലെ ഏക മലയാളിയായിരുന്നു. 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം ഉണ്ടായിരുന്ന ആർ അനുവിന് മൂന്നാംസ്ഥാനത്തേക്കും സ്ഥാനക്കയറ്റം കിട്ടി.