കുവൈത്ത് സിറ്റി>’മിത്തല്ല മുത്ത് റസൂല്, ഗുണകാംക്ഷയാണ് സത്യ ദീന്’ എന്ന പ്രമേയത്തില് കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്സില് (കെ.ഐ.സി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂല്-23 നബിദിന മഹാ സമ്മേളനം വന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന് സ്കൂള് അങ്കണത്തില് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില് മജ്ലിസുന്നൂര് ആത്മീയ സദസ്സ്, പ്രാര്ത്ഥനാ സംഗമം, ബുര്ദ മജ്ലിസ്, ഗ്രാന്ന്റ് മൗലിദ്, കുവൈത്ത് സുപ്രഭാതം ഓണ്ലൈന് ലോഞ്ചിങ്, കെ ഐ സി മൊബൈല് അപ്ലിക്കേഷന് ലോഞ്ചിങ്, പൊതു സമ്മേളനം എന്നിവ നടന്നു.
പ്രമുഖ പണ്ഡിതനും എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷററുമായ സയ്യിദ് ഫഖ്റുദ്ദീന് ഹസനി തങ്ങള് കണ്ണന്തളി നബിദിന മഹാസംഗമം ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതത്തിലെ അനിവാര്യമായ നന്മകള് ഓരോന്നായി മനസ്സില്നിന്നും പടിയിറങ്ങി പോകുന്ന ഏറെ പ്രയാസകരമായ കാലത്ത്, വിദ്വേഷങ്ങളും വെറുപ്പും വര്ധിച്ചുവരുമ്പോള് പ്രവാചകന് പഠിപ്പിച്ച കാരുണ്യത്തിന്റെ പാഠങ്ങള് ജീവിതത്തില് പകര്ത്താന് വിശ്വാസി സമൂഹം മുന്നോട്ട് വരണമെന്ന് സയ്യിദ് ഫഖ്റുദ്ദീന് ഹസനി തങ്ങള് ഓര്മ്മപ്പെടുത്തി.
പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ദീന് അല് ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി.
സമാപന സമ്മേളനത്തില് ഇസ്ലാമിക് കൗണ്സില് ചെയര്മാന് ശംസുദ്ധീന് ഫൈസി അദ്ധ്യക്ഷത വഹിച്ചു.കെ.ഐ.സി അപ്ലിക്കേഷന് ലോഞ്ചിങ്, സുപ്രഭാതം കുവൈത്ത് ഓണ്ലൈന് ലോഞ്ചിങ്, പ്രവര്ത്തകര്ക്കുള്ള രണ്ട് വീടിന്റെ പ്രഖ്യാപനം, അല്-മഹബ്ബ സുവനീര് പ്രകാശനം, കെ.ഐ.സി സില്വര് ജൂബിലി പദ്ധതിയായ ആംബുലന്സ് പ്രഖ്യാപനം തുടങ്ങിയവ സമര്പ്പിച്ചു.തുടര്ന്ന് ‘കെ ഐ സി കര്മ്മപഥങ്ങളിലൂടെ’ ഡോക്യൂമെന്ററി പ്രദര്ശിപ്പിച്ചു.
കെ എം സി സി ജനറല് സെക്രട്ടറി ശറഫുദ്ധീന് കണ്ണേത്ത്, കെ കെ എം എ ചെയര്മാന് എ.പി അബ്ദുല് സലാം ആശംസള് നേര്ന്നു.ഇസ്ലാമിക് കൗണ്സില് നേതാക്കളായ ഉസ്മാന് ദാരിമി, സൈനുല് ആബിദ് ഫൈസി,അബ്ദുലത്തീഫ് എടയൂര്, ഇല്യാസ് മൗലവി,മുസ്തഫ ദാരിമി,കുഞ്ഞഹമ്മദ് കുട്ടി കുട്ടി ഫൈസി, ഹകീം മൗലവി, ഇസ്മായില് ഹുദവി, നാസര് കോഡൂര്, ശിഹാബ് മാസ്റ്റര്, എഞ്ചിനീയര് അബ്ദുല് മുനീര് പെരുമുഖം, ഹുസ്സന് കുട്ടി നീരാണി, ഫൈസല് കുണ്ടുര്, ഫാസില് കരുവാരക്കുണ്ട്,അമീന് മുസ്ലിയാര്, തുടങ്ങിയവര് നേതൃത്വം നല്കി.
പ്രസിഡന്റ് അബ്ദുല്ഗഫൂര് ഫൈസി സ്വാഗതവും ട്രഷറര് ഇ.എസ്. അബ്ദുറഹ്മാന് ഹാജി നന്ദിയും പറഞ്ഞു.