നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം തങ്ങൾക്കൊപ്പം നിൽക്കാത്ത മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും വ്യാപകമായി ആസൂത്രിതമായി വേട്ടയാടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എതിരായി കേന്ദ്ര ഏജൻസികളായ ഇഡി, ഐടി, എൻഐഎ എന്നിവ 44 കേസുകളെടുത്തു. (ഇഡി–-15, ഐടി–-9, എൻഐഎ–-20)
● ബിബിസി
ഗുജറാത്ത് വംശഹത്യയില് നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തി. റെയ്ഡല്ല സർവേ മാത്രമെന്നാണ് ഐടിവകുപ്പ് അവകാശപ്പെട്ടത്. ട്രാൻസ്ഫർ പ്രൈസിങ്ങിൽ (ഉൽപ്പന്നമോ സേവനമോ നിശ്ചിത വില നൽകി വാങ്ങൽ) ക്രമക്കേടുകൾ, ലാഭത്തിന്റെ വകമാറ്റൽ തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഡോക്യുമെന്ററി കേന്ദ്ര സർക്കാർ വിലക്കുകയും ചെയ്തു.
● ദി വയർ
ബിജെപി സർക്കാരിന്റെ അധികാര വേട്ടയ്ക്ക് നിരന്തരം ഇരയായ സ്ഥാപനമാണ് ഓൺലൈൻ വാർത്താ പോർട്ടലായ വയർ. പുറത്തുകൊണ്ടുവരുന്ന വാർത്തകൾക്കെതിരെ മാനനഷ്ടക്കേസുകൾ നൽകി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിട്ടാണ് വയർ മുന്നോട്ട് പോകുന്നത്. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ വയറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഓഫീസിലും സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം കെ വേണു, സിദ്ധാർഥ് ഭാട്ടിയ, ജാഹ്നവി സെൻ എന്നിവരുടെ വസതിയിലും പരിശോധന നടത്തി. യുപിയിലെ കോവിഡ് പ്രതിരോധത്തിലെ വീഴ്ച റിപ്പോർട്ട് ചെയ്തതിന് 2020 ഏപ്രിലിനും 2021 ജൂണിനുമിടയിൽ ആദിത്യനാഥ് സർക്കാർ നാല് കേസെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മാധ്യമ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് നൽകിയ വാർത്തയ്ക്കെതിരെ നടത്തിയ നീക്കവും കോടതിയിൽ പരാജയപ്പെട്ടു. 2014ൽ ബിജെപി അധികാരത്തിൽ വന്നശേഷം അമിത് ഷായുടെ മകൻ ജയ്ഷാ സാമ്പത്തികവളർച്ച 16000 മടങ്ങ് ആയതിനെക്കുറിച്ചുള്ള വാർത്തയ്ക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നടക്കുകയാണ്.
● ന്യൂസ്ലോൺഡ്രി
സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് രണ്ടുതവണ ഐടിവകുപ്പ് പരിശോധന നടത്തി. 2021 ജൂണിലാണ് ആദ്യ പരിശോധന. പിടിച്ചെടുക്കുന്ന വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് കോടതി ഇടപെടൽ ഐടിവകുപ്പിന് വലിയ തിരിച്ചടിയായി.
● ദൈനിക് ഭാസ്കർ
കോവിഡ് പ്രവർത്തനങ്ങളിലെ വീഴ്ച തുറന്നുകാട്ടിയതിനു പിന്നാലെ 2021 ജൂലൈ 22-ന് ആദായ നികുതിവകുപ്പ് ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൽ പരിശോധന നടത്തി. ആറു വർഷത്തിനിടയിൽ 7000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഐടിവകുപ്പിന്റെ ആരോപണം. യഥാർഥ കോവിഡ് മരണ കണക്കുകൾ കേന്ദ്ര സർക്കാർ മറച്ചുവച്ചത് സംബന്ധിച്ച് വാർത്ത പത്രം പ്രസിദ്ധീകരിച്ചിരുന്നു. 2023 ജൂലൈയിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തി.
● ന്യൂസ്ക്ലിക്ക്
ഫെബ്രുവരിയിലും ന്യൂസ്ക്ലിക്കിന്റെ ഓഫീസിലും എഡിറ്റർമാരുടെ വീടുകളിലും ഇഡി പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പരിശോധന. ഡൽഹി ഹൈക്കോടതി ഇഡി അന്വേഷണം സ്റ്റേ ചെയ്തു.
● ഭാരത് സമാചാർ
കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ പുറത്തുവിട്ട യുപിയിലെ പ്രധാന വാർത്താചാനലായ ഭാരത് സമാചാറിന്റെ ഓഫീസിൽ സാമ്പത്തിക തിരിമറി ആരോപിച്ച് ആദായ നികുതിവകുപ്പ് പരിശോധന നടത്തി. ദി കശ്മീർ വാലാ ശ്രീനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ രാജ്യത്ത് വിലക്കി. 2022 ഫെബ്രുവരിയിൽ എഡിറ്ററും സ്ഥാപകനുമായ ഫഹദ് ഷായെ പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. പുൽവാമ വെടിവപ്പുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയുടെ പേരിലായിരുന്നു നടപടി.
● ദി സ്ക്രോൾ
നരേന്ദ്ര മോദി ഏറ്റെടുത്ത ഡോമാരി ഗ്രാമത്തിലെ ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്തതിനാണ് സ്ക്രോളിന്റെ എഡിറ്റർ പ്രിയ ശർമയ്ക്കെതിരെ വാരാണസി ജില്ലാ അധികൃതർ കേസെടുത്തത്. കോവിഡ് അടച്ചിടലിനിടെ സാമൂഹ്യ അടുക്കള അടച്ചുപൂട്ടിയ വാർത്ത നൽകിയതിന് ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്.
കൂപ്പുകുത്തി മാധ്യമ സ്വാതന്ത്ര്യം
ചരിത്രത്തിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കടന്നുപോകുന്നത്. 180 അംഗങ്ങളുള്ള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഇന്ത്യയുടെ സ്ഥാനം ഓരോ വർഷവും കൂപ്പുകുത്തി. യുപിയിൽ 55 മാധ്യമ പ്രവർത്തകർക്കെതിരെയാണ് ആദിത്യനാഥ് ഭരണത്തിൽ കേസെടുത്തത്. യുപി ഉന്നാവോയിൽ മാധ്യമ പ്രവർത്തകൻ സുരജ് പാണ്ഡെയുടെ കൊലപാതക കേസിൽ രണ്ടു പൊലീസുകാരാണ് അറസ്റ്റിലായത്.