തൃശൂർ
‘സുരേഷ്ഗോപിയോട് ചോദിച്ചുനോക്ക്, കഴിഞ്ഞപ്രാശ്യം തൃശൂർ മാർക്കറ്റിലാ വന്നപ്പോൾ തല ചുറ്റി ആശുപത്രീലാ പോയി. അവരൊക്കെ വിയർപ്പിന്റെ അസുഖമുള്ളോരാ’… കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മാർക്കറ്റിലെ തൊഴിലാളിയുടെ വാക്കുകൾ അന്നും ഇന്നും വൈറൽ. സഹകരണ സംരക്ഷണമെന്ന പേരിൽ തിങ്കളാഴ്ച പദയാത്ര നടത്തിയ സുരേഷ്ഗോപി അൽപ്പദൂരം നടന്നപ്പോഴെക്കും ക്ഷീണിച്ച് അവശനായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പഴയ വീഡിയോ വീണ്ടും വൈറലായത്.
കരുവന്നൂരിൽനിന്ന് തൃശൂരിലേക്കുള്ള ബിജെപി പദയാത്രയിൽ നല്ല മഴ പെയ്യുമ്പോഴും സുരേഷ്ഗോപി വിയർത്തൊലിക്കാൻ തുടങ്ങി. വിശറി കൊണ്ടുവന്ന് പ്രവർത്തകർ വീശി ക്കൊടുത്താണ് ഓരോ അടിയും മുന്നോട്ടു വച്ചത്. കാൽ കുഴഞ്ഞതോടെ മുന്നിലുണ്ടായിരുന്ന വാഹനത്തിൽ പിടിച്ചാണ് നടന്നത്. ഒടുവിൽ രാത്രി ഏറെ വൈകിയാണ് ജാഥ എത്തിയത്.
ആഡംബരത്തിലൂടെ ലക്ഷങ്ങൾ തട്ടി
സുരേഷ്ഗോപി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്ത് ലക്ഷങ്ങൾ നികുതി വെട്ടിച്ച കേസിൽ പ്രതിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ്ഗോപി തൃശൂരിൽ മത്സരിക്കുമ്പോൾ 15 കോടി രൂപയുടെ കുഴൽപ്പണം ബിജെപി ഇറക്കി. ഇതൊന്നും ജനങ്ങൾ മറന്നിട്ടില്ല. കൊടകര കുഴൽപ്പണക്കവർച്ചക്കേസിലെ പ്രത്യേക അന്വേഷകസംഘം ഇഡിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഒരന്വേഷണവുമില്ല.
നിക്ഷേപകർക്ക്
നീതിയുമായി സർക്കാർ
കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായി നടപടികൾ സ്വീകരിച്ചു. സഹകരണ വകുപ്പും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. പ്രതികൾ ജയിലിലായി. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടി തുടങ്ങി. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുവന്നൂർ ഉൾപ്പെടെ സംഘങ്ങളിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ മറവിൽ ഇടതുപക്ഷം ഭരിക്കുന്ന, നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി തകർക്കാൻ ലക്ഷ്യമിടുകയാണ്.
മണിപ്പുരും യുപിയും നോക്കാൻ വേറെ
ആണുങ്ങളുണ്ടെന്ന് സുരേഷ്ഗോപി
മണിപ്പുരിന്റെയൊക്കെ പേരിൽ മലയാളികൾ ഇവിടെയിരുന്ന് കരയണ്ട, അത് നോക്കാൻ വേറെ ആണുങ്ങളുണ്ടെന്ന് നടൻ സുരേഷ്ഗോപി. കരുവന്നൂരിൽനിന്ന് തൃശൂരിലേക്കുള്ള പദയാത്രയിൽ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്. മണിപ്പുരിലും യുപിയിലും ഹരിയാനയിലും നടക്കുന്ന അക്രമസംഭവങ്ങൾ ഇവിടെ ചർച്ചചെയ്യേണ്ട. അതിന് അവിടെ ആണുങ്ങളുണ്ട്. അത് അവർ നോക്കിക്കൊള്ളും. സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂർ മുതൽ തൃശൂർവരെയുള്ള പദയാത്രയാണ് സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ നടന്നത്. മണിപ്പുരിലെ ക്രൈസ്തവ വംശഹത്യ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന ജില്ലയാണ് തൃശൂർ. ഇവിടെനിന്നുള്ള അന്വേഷകസംഘം മണിപ്പുർ സന്ദർശിച്ച് വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്താൻ തുടങ്ങിയതോടെയാണ് തൃശൂർ പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ കച്ചമുറുക്കിയ സുരേഷ്ഗോപിയുടെ മറുപടി.