യുഎസ് സാമ്രാജ്യത്വനയങ്ങളെ പരസ്യമായി എതിർക്കുന്ന നെവില്ലെ റോയ് സിങ്കത്തിനെതിരായ ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ആയുധമാക്കിയാണ് ന്യൂസ്ക്ലിക്കിനെ വേട്ടയാടുന്നത്
ന്യൂഡൽഹി
ന്യൂസ്ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ കടന്നാക്രമണത്തിനു പിന്നിൽ അമേരിക്കൻ സമ്മർദവും. അമേരിക്കൻ കോടിപതിയും യുഎസ് ഭരണകൂടത്തിന്റെ സാമ്രാജ്യത്വനയങ്ങളെ പരസ്യമായി എതിർക്കുന്നയാളുമായ നെവില്ലെ റോയ് സിങ്കത്തിനെതിരായി ന്യൂയോർക്ക് ടൈംസിൽവന്ന വാർത്തയാണ് ന്യൂസ്ക്ലിക്കിനെതിരായ ഇപ്പോഴത്തെ വേട്ടയാടലിന് മോദി സർക്കാർ ആധാരമാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലൂടെ നെവില്ലെ ചൈനീസ് താൽപ്പര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. നെവില്ലെയുമായി അടുപ്പമുള്ള സ്ഥാപനങ്ങളിൽനിന്ന് ന്യൂസ്ക്ലിക്കിന് ലഭിച്ച ഫണ്ടുകൾ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
വിദേശഫണ്ട് 2021ൽ തന്നെ ഇഡി വിശദമായി പരിശോധിച്ചിരുന്നു. റെയ്ഡും നടത്തിയിരുന്നു. ഇടപാടുകൾ നിയമാനുസൃതമായതിനാൽ കൂടുതൽ നടപടികളെടുക്കാനായില്ല. 2018 മുതൽ 2021 വരെ 77 കോടി രൂപയുടെ വിദേശഫണ്ടാണ് നിയമാനുസൃതമായി ന്യൂസ്ക്ലിക്ക് സ്വീകരിച്ചത്. ഇതിൽ 9.59 കോടി ഓഹരികൾക്ക് പകരമായുള്ള വിദേശനിക്ഷേപമാണ്. ശേഷിക്കുന്നതുക വിവിധ സേവനങ്ങൾക്കായുള്ള പ്രതിഫലവും. ജസ്റ്റിസ് ആൻഡ് എഡ്യൂക്കേഷൻ ഫണ്ട്, ദ ട്രൈകോണ്ടിനെന്റൽ, വേൾഡ്വൈഡ് മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നാണ് പണം സ്വീകരിച്ചത്. ഇതിന്റെ എല്ലാ രേഖകളും ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങരുതെന്ന കർശനനിർദേശം ഹൈക്കോടതി നൽകിയിരുന്നു. ഇതോടെ നിർജീവമായ അന്വേഷണമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെ തുടർന്ന് ഇഡിയും മറ്റ് ഏജൻസികളും പൊടിതട്ടിയെടുക്കുന്നത്.
‘റെയ്ഡ് നാടകം’ ജാതി സെൻസസ് മറയ്ക്കുകയും ലക്ഷ്യം
മാധ്യമ വേട്ടയ്ക്കൊപ്പം ബിഹാറിലെ ജാതി സെൻസസ് ദേശീയതലത്തിൽ ചർച്ചയാകാതിരിക്കലും ന്യൂസ്ക്ലിക് റെയ്ഡിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു. പ്രതിപക്ഷക്കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയിൽ അംഗങ്ങളായ ജെഡിയുവും ആർജെഡിയും ഭരിക്കുന്ന ബിഹാറിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടത് മോദി സർക്കാരിന് വലിയ തലവേദനയായിരുന്നു. മോദി സർക്കാർ കൊട്ടിഘോഷിച്ച് പാസാക്കിയ വനിതാ സംവരണ ബില്ലിൽപ്പോലും പിന്നോക്കവിഭാഗക്കാരെ തഴഞ്ഞപ്പോൾ അവർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന ജാതി സെൻസസ് രാജ്യം വരുംദിവസങ്ങളിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്രത്തിന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ‘കണ്ണിൽപ്പൊടിയിടൽ’ തന്ത്രം പയറ്റുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ന്യൂസ്ക്ലിക്കിൽ ആസൂത്രിത ‘റെയ്ഡ്’ നടന്നത്. മോദി സർക്കാരിന് അനുകൂലമായ വാർത്തകളും റിപ്പോർട്ടുകളുംമാത്രം പടച്ചുവിടുന്ന ദേശീയ മാധ്യമങ്ങൾക്ക് ജാതി സെൻസസിനു പകരം ചർച്ചയാക്കാൻ ‘സ്ഫോടനാത്മകമായ വിഷയം’ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും സമൂഹമാധ്യമങ്ങളിൽ വിമർശമുയർന്നു.
ജനശ്രദ്ധ തിരിക്കാനുള്ള നീക്കം:‘ഇന്ത്യ’ കൂട്ടായ്മ
ഭരണപരാജയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിനായി മാധ്യമങ്ങളെ വേട്ടയാടുന്നത് ബിജെപി സർക്കാർ അവസാനിപ്പിക്കണമെന്ന് ‘ഇന്ത്യ’ കൂട്ടായ്മ ആവശ്യപ്പെട്ടു. ഭരണഘടനാപരമായി സംരക്ഷണമുള്ള ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കുമൊപ്പമാണ് ഇന്ത്യാ കൂട്ടായ്മ. ചങ്ങാത്ത മുതലാളിമാർ വഴി മാധ്യമങ്ങളെയാകെ വിലയ്ക്കെടുക്കാനാണ് ബിജെപി ശ്രമം. 2021ലെ ഐടി ചട്ടങ്ങളിലൂടെ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നു.
സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകരെയും മാധ്യമസ്ഥാപനങ്ങളെയുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.അതേസമയം, രാജ്യത്ത് വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരായി നടപടിയെടുക്കുന്നുമില്ല. ഇതിലൂടെ പക്വതയുള്ള ജനാധിപത്യരാജ്യമെന്ന നിലയിൽ ആഗാേളതലത്തിൽ ഇന്ത്യക്ക് ലഭിച്ചിരുന്ന മതിപ്പിനെ ഇടിച്ചുതാഴ്ത്തുകയാണ്.
യെച്ചൂരിയുടെ വീട്ടിലെത്തിയത് സുമിത്തിനെ തേടി
പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലെ സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലേക്ക് പകൽ എട്ടരയോടെയാണ് ഡൽഹി പൊലീസ് സംഘം എത്തിയത്. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസ് ജീവനക്കാരൻ ശ്രീനാരായൻ സമീപമുള്ള ഔട്ട്ഹൗസിലാണ് താമസം. ഇദ്ദേഹത്തിന്റെ മകൻ സുമിത് ന്യൂസ്ക്ലിക്കിൽ മാധ്യമപ്രവർത്തകനാണ്. സുമിതിനെ തേടിയാണ് പൊലീസ് എത്തിയത്. കർഷകസമരവും ഷഹീൻബാഗ് സമരവും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നായിരുന്നു പൊലീസിന് മുഖ്യമായും അറിയേണ്ടത്. ഒപ്പം ഫോണും ലാപ്ടോപ്പും ബലമായി പിടിച്ചെടുത്തു.
‘പ്രഹസനം എന്തിനെന്ന്
വ്യക്തമാക്കണം’ : യെച്ചൂരി
തിരച്ചിൽ പ്രഹസനം എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. എന്താണ് ന്യൂസ്ക്ലിക്കിനെതിരായ കുറ്റം. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിത്–- യെച്ചൂരി പറഞ്ഞു.
വ്യാപക പ്രതിഷേധം
ന്യൂസ്ക്ലിക്ക് റെയ്ഡിനെ തുടർന്ന് മോദി സർക്കാരിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയർന്നു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ അതിക്രമം എത്രയുംവേഗം അവസാനിപ്പിക്കാൻ നാഷണൽ അലയൻസ് ഓഫ് ജേർണലിസ്റ്റ്സ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം എന്നീ സംഘടനകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രഭാത് പട്നായിക്, ഇർഫാൻ പട്നായിക് തുടങ്ങിയ അക്കാദമിക്ക് പണ്ഡിതരും റെയ്ഡിനെ വിമർശിച്ചു. കിസാൻസഭ, സിഐടിയു, മഹിളാ അസോസിയേഷൻ തുടങ്ങിയ വർഗ–- ബഹുജന സംഘടനകളും പ്രതിഷേധിച്ചു.
അടിച്ചമർത്താനുള്ള നീക്കം:
ലോയേഴ്സ് യൂണിയൻ
അന്വേഷണ ഏജൻസികളെ ആയുധമാക്കി വിമർശങ്ങളെയും എതിർശബ്ദങ്ങളെയും അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഡൽഹി പൊലീസിന്റെ വ്യാപക റെയ്ഡെന്ന് അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ. യുഎപിഎ ദുരുപയോഗം ചെയ്താണ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. ന്യൂസ്ക്ലിക് മാധ്യമസ്ഥാപനത്തിലെ ഒരാളെപ്പോലും റെയ്ഡിൽനിന്ന് ഒഴിവാക്കിയിട്ടില്ല. ജനാധിപത്യവിരുദ്ധനീക്കത്തിന് എതിരെ അഭിഭാഷകർ രംഗത്തിറങ്ങണമെന്നും ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.