കുവൈത്ത് സിറ്റി > കുവൈത്ത് ആഭ്യന്തര മന്ത്രാലയം 800 പ്രവാസികളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിരിച്ചുവിട്ട പ്രവാസികളിൽ ഭൂരിഭാഗവും അഡ്മിനിസ്ട്രേഷൻ മേഖലയിൽ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്, അവരിൽ ചിലർ നിയമോപദേശകർ ആയിരുന്നു. പിരിച്ചിവിടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.
കുവൈത്തിലെ തൊഴിലവസരങ്ങളുടെ കുറവും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തിൽ നിന്നാണ് പ്രവാസി തൊഴിലാളികളുടെ സേവനങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്. പിരിച്ചുവിട്ട 800 തൊഴിലാളികൾ ആദ്യ ബാച്ചിനെ പ്രതിനിധീകരിക്കുന്നു, രും മാസങ്ങളിൽ കൂടുതൽ പേരെ പിരിച്ചു വിടുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാഷണാലിറ്റി, പാസ്പോർട്ട് , ട്രാഫിക്ക്, ഓട്ടോമേറ്റഡ് ഇൻഫർമേഷൻ സെന്റർ തുടങ്ങിയ പ്രധാന മേഖലകളിൽനിന്ന് പ്രവാസി തൊഴിലാളികളെ മാറ്റുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.