ന്യൂഡൽഹി
ജിഎസ്ടി ഇനത്തിൽ സെപ്തംബറിൽ ആകെ സമാഹരിച്ചത് 1.62 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിനെ അപേക്ഷിച്ച് 10 ശതമാനമാണ് ജിഎസ്ടിയിലെ വർധന. നടപ്പു സാമ്പത്തികവർഷം ഇത് നാലാം വട്ടമാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്.
ആകെ 1,62,712 കോടി രൂപയാണ് സെപ്തംബറിലെ ജിഎസ്ടി വരുമാനം.
ഇതിൽ കേന്ദ്ര ജിഎസ്ടി 29,818 കോടി രൂപയും സംസ്ഥാന ജിഎസ്ടി 37,657 കോടിയുമാണ്. ഐജിഎസ്ടി വരുമാനം 83,623 കോടിയും സെസ് 11,613 കോടിയുമാണ്. ഐജിഎസ്ടിയിൽ 33,736 കോടി രൂപ കേന്ദ്രത്തിനും 27,578 കോടി രൂപ സംസ്ഥാനങ്ങൾക്കുമാണ്. ജിഎസ്ടി ഇനത്തിൽ കേന്ദ്രത്തിനാകെ 63,555 കോടി രൂപ ലഭിച്ചപ്പോൾ സംസ്ഥാനങ്ങൾക്കാകെ 65,235 കോടി രൂപയാണ് ലഭിക്കുക. ആഗസ്തിൽ 1.59 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഇതിനെ അപേക്ഷിച്ച് 2.2 ശതമാനം വർധനയാണ് സെപ്തംബറിൽ ജിഎസ്ടി വരുമാനത്തിലുണ്ടായത്.