ഹൈദരാബാദ്
തെലങ്കാനയിൽ ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ ടി രാമറാവുവിന്റെ (കെടിആർ) സന്ദർശനത്തിന്റെ ഭാഗമായി ഖമ്മം ജില്ലയിൽ സിപിഐ എം അടക്കം നിരവധി പ്രതിപക്ഷ പാർടി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കി. മന്ത്രിമാരായ പുവ്വഡ അജയ് കുമാർ, വെമുല പ്രശാന്ത് റെഡ്ഡി എന്നിവർക്കൊപ്പമാണ് കെടിആർ മണ്ഡലങ്ങളിൽ പര്യടനം നടത്തിയത്. പ്രതിഷേധം ഭയന്ന് സിപിഐ എം, സിപിഐ, കോൺഗ്രസ്, ടിഡിപി നേതാക്കളെയാണ് തടങ്കലിലാക്കിയത്.
സിപിഐ എം ജില്ലാ സെക്രട്ടറി ബി വീരഭദ്രത്തെ ആദ്യം വീട്ടുതടങ്കലിലാക്കിയശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിത ഉൾപ്പെടെ പതിനഞ്ചോളം കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ചതിന് തെലുങ്കുദേശം പാർടി (ടിഡിപി) നേതാവ് കിലാരു സുരേന്ദർ ഉൾപ്പെടെ നാല് പേരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം സംഘടിപ്പിക്കുന്നത് തടയാനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.