ബസ്തർ
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ അഞ്ച് ദിവസമായി വൈദ്യുതിയില്ലാത്തതിനാൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ. വെള്ളി വൈകിട്ട് കിലെപാലിൽ ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചിട്ടും ആശുപത്രി ആംബുലൻസ് എത്തിയില്ല. നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈദ്യുതിയില്ലെന്ന് മനസ്സിലായത്. തുടർന്ന് ഡോക്ടർമാർ ഫോണിന്റെ വെളിച്ചത്തിലാണ് പരിശോധിച്ചത്.
ബസ്തർ ബ്ലോക്കിലെ ഒരേയൊരു വലിയ ആശുപത്രിയാണിത്. ഇവിടെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തോടെയാണ് വൈദ്യുതി നിലച്ചത്. സ്വന്തമായി ജനറേറ്ററുമില്ല. അറ്റകുറ്റപ്പണികൾക്കായി ഒരു മാസംമുമ്പ് വൈദ്യുതിവകുപ്പിന് കത്തയച്ചിരുന്നതായി മെഡിക്കൽ ഓഫീസർ പറഞ്ഞു. മഴമൂലം ഭിത്തികളിൽ ഈർപ്പമുണ്ടെന്നും ഷോർട്ട് സർക്യൂട്ടിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധവുമായി അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി.