കൊൽക്കത്ത
ബംഗാളിൽ രാജ്ഭവൻ സുരക്ഷാ ചുമതലകളിൽനിന്ന് സംസ്ഥാന പൊലീസിനെ നീക്കണം എന്ന ആവശ്യവുമായി ഗവർണർ രംഗത്ത്. പകരം കേന്ദ്ര സേനയായ സിആർപിഎഫിന് ചുമതല നൽകണമെന്നും ഗവർണർ സി വി ആനന്ദബോസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും ഗവർണർ കത്ത് നൽകി. രാജ്ഭവന് ഉള്ളിലെ ഓഫീസുകളിലും വാസസ്ഥലങ്ങളിലും സംസ്ഥാന പൊലീസ് പ്രവേശിക്കരുതെന്നും പുറത്ത് പൂന്തോട്ടത്തിലും പ്രവേശനകവാടങ്ങളിലുംമാത്രം നിന്നാൽ മതിയെന്നുമാണ് ഗവർണറുടെ നിർദേശം.
തന്റെ നീക്കങ്ങൾ സംസ്ഥാന പൊലീസ് നിരീക്ഷിക്കുന്നതായി സംശയിക്കുന്നതിനാലാണ് നടപടി. അടുത്തിടെ മറ്റു സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ രാജ്ഭവനിലെ വാസസ്ഥലങ്ങളിൽ അനധികൃതമായി കടന്നതായി പരാതി ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിനെ മറികടന്നുള്ള പ്രവർത്തനങ്ങളാണ് ഗവർണർ നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.
ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി ദൂപ്ഗുരിയിൽനിന്ന് ജയിച്ച നിർമൽ ചന്ദ്രറോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട വിവാദവും തുടരുന്നു. ശനിയാഴ്ച രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സ്പീക്കറും പാർലമെന്ററി മന്ത്രിയുൾപ്പെടെയുള്ള മറ്റുമന്ത്രിമാർ ആരും പങ്കെടുത്തില്ല. സർക്കാരിനെയും നിയമസഭയെയും പ്രതിനിധാനംചെയ്ത് ഡെപ്യൂട്ടി വിപ്പ് തപാസ് റോയ് മാത്രമാണ് പങ്കെടുത്തത്. കീഴ്വഴക്കം ലംഘിച്ച് നിയമസഭാ സ്പീക്കറുടെയും പാർലമെന്ററി മന്ത്രിയുടെയും അംഗീകാരമില്ലാതെ ഗവർണർ ഏകപക്ഷീയമായി രാജഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയായിരുന്നു.