തിരുവനന്തപുരം
ആയുഷ്മിഷനിലെ താൽക്കാലിക ഡോക്ടർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താൻ പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലും വ്യാജ ഇ–-മെയിൽ വിലാസമുണ്ടാക്കി. നേരത്തെ ദേശീയാരോഗ്യ ദൗത്യത്തിന്റെ ലോഗോ ദുരുപയോഗപ്പെടുത്തി നാഷണൽ ആയുഷ് മിഷന്റെ വ്യാജ ഇ–-മെയിൽ വിലാസം നിർമിച്ചത് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരുപയോഗിച്ച് sajeevanps@gmail.com എന്ന വ്യാജ ഇ–-മെയിലുണ്ടാക്കിയത്. മന്ത്രിയുടെ ഓഫീസിനെ അഴിമതി ആരോപണത്തിലേക്ക് വലിച്ചിടാൻ വൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തൽ.
ഇ–-മെയിൽ വഴിയാണ് അപേക്ഷകയ്ക്ക് ‘നിയമന ഉത്തരവ്’ കൈമാറിയത്. നിയമന ഉത്തരവ് വന്നത് വ്യാജ ഇ–-മെയിൽ വഴിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലുണ്ടാക്കിയ ഇ–-മെയിൽ വഴി ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടോയെന്നും പ്രതികൾ പ്രൈവറ്റ് സെക്രട്ടറിയുടെ പേര് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കുകയാണ്.