ന്യൂഡൽഹി
ഉത്തർപ്രദേശിൽ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ട് ചോദ്യപ്പേപ്പർ. ഇസ്ലാമിനെയും ഇന്ത്യൻ മുസ്ലിങ്ങളെയും തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന ചോദ്യപ്പേപ്പറാണ് സ്വകാര്യ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കുള്ള അർധവാർഷിക പരീക്ഷയ്ക്ക് നൽകിയത്. ബഹ്റൈച്ച് ജില്ലയിലെ ഗുരുകൃപ ഡിവൈൻ ഗ്രേസ് പബ്ലിക് സ്കൂളിലാണ് ഹിന്ദി പരീക്ഷയ്ക്ക് ചോദ്യപ്പേപ്പർ നൽകിയത്.
മാധ്യമവാർത്ത അടിസ്ഥാനമാക്കിയാണ് അധ്യാപകൻ ചോദ്യപ്പേപ്പർ തയ്യാറാക്കിയത്. തീവ്രവാദം ആഗോള പ്രശ്നമാണ്. ഇന്ത്യൻ മുസ്ലിം ഭീകരത, ലഷ്കറെ -തയ്ബ, അൽ ഖായ്ദ, താലിബാൻ തുടങ്ങി ഇസ്ലാമിക രാഷ്ട്രീയത്തിലെ വിവിധ സംഘടനകൾ ഉൾപ്പെടുന്ന ഒരു ചിന്താ സമ്പ്രദായമാണ്–- ഇതിനെ സംബന്ധിച്ച് ഉത്തരമെഴുതാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. ഇതിനു പുറമെ പാകിസ്ഥാനെതിരെ യുദ്ധത്തിന് ഇന്ത്യ തയ്യാറെടുക്കണമെന്നും ചോദ്യപ്പേപ്പറിലുണ്ട്.
ശക്തമായ പ്രതിഷേധമുയർന്നതോടെ നടപടി ഭയന്ന് രക്ഷിതാക്കളോടും വിദ്യാർഥികളോടും മാപ്പ് പറഞ്ഞ സ്കൂൾ അധികൃതർ അധ്യാപികയെ പുറത്താക്കിയെന്ന് അറിയിച്ചു.