ഒട്ടാവ
രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലറുടെ നാസിപ്പടയുടെ ഭാഗമായി ജൂതവംശഹത്യയിൽ പങ്കെടുത്ത ഉക്രയ്ൻകാരനെ പാർലമെന്റിൽ ആദരിച്ചതിൽ മാപ്പുപറഞ്ഞ് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര അപമാനമെന്ന് പ്രതിപക്ഷം വിമർശിച്ച സംഭവത്തിന്റെ കുറ്റമേറ്റെടുത്ത് സ്പീക്കർ ആന്റണി റോട്ട കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
സംഭവം ക്യാനഡയെയും പാർലമെന്റിനെയും അപമാനത്തിലാഴ്ത്തിയെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ‘ചരിത്രപശ്ചാത്തലം അറിയാതെയാണെങ്കിലും ഹുങ്ക വന്നപ്പോൾ എഴുന്നേറ്റുനിന്ന് കൈയടിച്ചതിൽ സഭാംഗങ്ങൾ ഒന്നാകെ ദുഃഖം രേഖപ്പെടുത്തുന്നു. ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട മത–-ലൈംഗിക ന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ അപമാനിക്കുന്നതും ജനങ്ങളുടെ ഓർമയെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതുമായിരുന്നു പാർലമെന്റിലെ നടപടി’–-ട്രൂഡോ പറഞ്ഞു. സംഭവത്തിലെ ആദ്യ പ്രതികരണമാണിത്.
ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിക്കൊപ്പം എത്തിയ യാരോസ്ലാവ് ഹുങ്കയെന്ന മുൻ നാസി സൈനികനെ പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റുനിന്ന് ആദരിച്ചത് ആഗോളതലത്തിൽ വിമർശമുയർത്തിയിരുന്നു.